കേരളത്തിലെ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷ!! മുഖ്യമന്ത്രിയുടെ നിലപാടില്‍ ലഞ്ജിക്കുന്നു: പരാതിക്കാരി

Share

കൊല്ലം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ വിഷമമുണ്ടെന്ന് പരാതിക്കാരി. മുഖ്യമന്ത്രി നല്ല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചു. കേസില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാണ്.

മന്ത്രിയുടെ മകള്‍ക്കാണ് ഈ അവസ്ഥയെങ്കില്‍ ‘നല്ല രീതിയില്‍ തീര്‍ക്കാന്‍’ മന്ത്രി പറയുമോ? കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നില്‍ക്കുന്ന മുഖ്യമ്രന്തി കേരളത്തിലെ സ്ത്രീ ശാക്തികരണത്തിന് എന്താണ് ചെയ്യുന്നതെന്ന് പ്രതീക്ഷിക്കാം.

സ്ത്രീ സുരക്ഷ പറയുന്ന മുഖ്യമന്ത്രിയില്‍ നിന്ന് എന്തു നീതി കിട്ടുമെന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു.

മന്ത്രി രാജിവയ്ക്കണമോ വേണ്ടയോ എന്ന് താന്‍ പറയുന്നില്ല. മന്ത്രിയുടെ സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. തന്നോട് മോശമായി പെരുമാറിയ വ്യക്തിയ്ക്കു വേണ്ടിയാണ് മന്ത്രി സംസാരിച്ചത്. അയാള്‍ക്കെതിരെ നടപടിയെടുക്കേണ്ട മന്ത്രിയാണ് കേസ് ഒതുക്കാന്‍ ശ്രമിച്ചത്.

മന്ത്രിക്കെതിരെ ഇനി നിയമപരമായ നടപടി സ്വീകരിക്കും. അത് എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. പോലീസ് ഇതുവരെ മൊഴിയെടുക്കാന്‍ തന്നെ വിളിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് ആറു മണി കഴിഞ്ഞാണ് തന്നെ വിളിച്ചത്. സന്ധ്യ കഴിഞ്ഞതിനാല്‍ പോകാന്‍ പറ്റാത്തതിനാല്‍ പോയില്ല. ഇന്ന് വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. ഇതുവരെ തന്നെ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

അതിനിടെ, എന്‍.സിപി. നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. എന്‍.സി.പി നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് പെണ്‍കുട്ടിയുടെ തീരുമാനം.

ആരോപണ വിധേയനായ എന്‍.സി.പി നേതാവിനോടും വിവരങ്ങള്‍ തേടുമെന്നും ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എന്‍.സി.പി ജനറല്‍ ഃെസക്രട്ടറി മാത്യുസ് ജോര്‍ജ് അറിയിച്ചു.