വാതില്‍പ്പടിസേവനം: പിന്തുണയുമായി സന്നദ്ധ സേവകർ

Share

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ പിന്തുണയുമായി സന്നദ്ധ പ്രവർത്തകർ. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്രം തുടങ്ങിയ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റ് നിസ്സഹായവാസ്ഥകളും മൂലം സര്‍ക്കാര്‍ സേവനങ്ങൾ യഥാസമയം ലഭിക്കാത്ത ആളുകൾക്കുമായാണ് വാതില്‍പ്പടി സേവന പദ്ധതി ആരംഭിക്കുന്നത്. ഇതിൽ പങ്കാളികളാകാൻ ജില്ലാ ഭരണകൂടം പിന്തുണ തേടിയപ്പോൾ മികച്ച പ്രതികരണമാണ് സന്നദ്ധ സേവകർ സംഘടനകൾ തടങ്ങിയവരിൽ നിന്നും ലഭിച്ചത്.


സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉൾപ്പെട്ട പദ്ധതിയുടെ ഭാഗമാകുവാൻ ഇനിയും അവസരമുണ്ട്. അതിനായി https://sannadhasena.kerala.gov.in/volunteerregistration എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാം.. സന്നദ്ധതയും അനുകമ്പയുമുള്ളവരെയും ഉള്‍പ്പെടുത്തി ജനകീയ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനതലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്, പിറവം, അങ്കമാലി മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ നടപ്പാക്കുന്നത്.


അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ് എന്നിവരും ഈ സംവിധാനത്തിന്‍റെ ഭാഗമാകും. പ്രളയം, കോവിഡ് 19 മഹാമാരി എന്നിവയെ നേരിടുന്ന ഘട്ടത്തില്‍ സന്നദ്ധ സേവനം പ്രയോജനപ്പെടുത്തിയതിന്‍റെ അനുഭവത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ട വോളണ്ടിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, വായനശാല പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാരുടെ സംഘടനാ ഭാരവാഹികള്‍ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും.


അവകാശപ്പെട്ട സർക്കാർ സേവനങ്ങൾ ലഭിക്കാതെ പോകുന്ന ജനങ്ങള്‍ക്ക് സന്നദ്ധസേനാംഗങ്ങളോ അനുബന്ധസേവന ദാതാക്കളോ വീടുകളില്‍ നേരിട്ടെത്തി സേവനങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതി, അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റ് നിസ്സഹായവാസ്ഥകളും മൂലം സര്‍ക്കാര്‍ സേവനങ്ങൾ യഥാസമയം ലഭിക്കാത്ത ആളുകൾക്കും ഏറെ സഹായകരമാകും.


തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സാമൂഹ്യനീതിവകുപ്പിന്‍റെയും സാമൂഹികസന്നദ്ധസേനാ ഡയറക്ടറേറ്റിന്‍റെയും സഹകരണത്തോടെയുള്ള ഈ സേവന ദൗത്യം ആദ്യഘട്ടത്തില്‍ അഞ്ച് സേവനങ്ങളാണ് ലഭ്യമാക്കുന്നത്. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ഇവ. സെപ്റ്റംബര്‍ മാസം ആരംഭിച്ച് ഡിസംബറോടെ പദ്ധതി വ്യാപകമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.