സോളാര്‍ ക്രമക്കേടും സിബിഐ അന്വേഷിക്കണം: മല്ലേലില്‍ ശ്രീധരന്‍ നായര്‍

Share

തിരുവനന്തപുരം: സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.

അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തില്‍ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ നായര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും ശ്രീധരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിച്ചു.

സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായതും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരന്‍നായരുടെ പരാതി.

സെക്രട്ടറിയേറ്റില്‍ സരിതക്കൊപ്പം ഉമ്മന്‍ചാണ്ടിയെ ചെന്ന് കണ്ടെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു.

പക്ഷെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നല്‍കിയ കുറ്റപത്രത്തില്‍ പ്രതി സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയില്ലായിരുന്നു. അതെ സമയം സോളാര്‍ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നിയിരുന്നു.

കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ച ആയില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശ പ്രകാരം മുഖ്യമന്ത്രി ആണ് തീരുമാനം എടുത്തത്. അതേസമയം, സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് കേസ് വിട്ടുള്ള വിജ്ഞാപനം ഉടന്‍ സംസ്ഥാനം കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന് അയച്ച് നല്‍കും.

മന്ത്രാലയം ആണ് ശുപാര്‍ശ സിബിഐക്ക് നല്‍കുക. കേസ് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം സിബിഐ അറിയിയ്ക്കും. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് വിട്ടത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് സിബിഐയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *