ശബരിമല സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍

Share

ശബരിമല തീര്‍ഥാടന കാലയളവില്‍ സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ പിഡബ്ല്യൂഡിയുടെ കീഴിലുള്ള പ്രവൃത്തികള്‍ വിലയിരുത്തി ഡിഐസിസി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.


റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ശബരിമല സഞ്ചാരപാതയിലുള്ള എല്ലാ റോഡുകളുടെയും പ്രവൃത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വകുപ്പുകള്‍ കൃത്യമായി പ്രവൃത്തികള്‍ പരിശോധിച്ച് അടിയന്തര ഇടപെടല്‍ നടത്തണം. മണ്ണാറക്കുളഞ്ഞി – മൈലപ്ര റോഡിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴയുടെ സാഹചര്യത്തില്‍ പലയിടങ്ങളിലും പ്രവൃത്തികള്‍ മുടങ്ങിയിട്ടുണ്ട്. മുടങ്ങിയ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പിഡബ്ല്യൂഡി ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, പിഡബ്ല്യൂഡി പത്തനംതിട്ട റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.വിനു, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.