ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.., ജി 7 ഉച്ചകോടിയില്‍ കൊവിഡ് കാല മന്ത്രം പങ്കു വച്ച് നരേന്ദ്രമോദി

Share

ഡൽഹി: ലോകാഃ സമസ്താഃ സുഖിനോ ഭവന്തു … എന്ന മന്ത്രം വേദാന്ത കാലം മുതല്‍ പിന്തുടരുന്നവരാണ് നമ്മള്‍ ഭാരതീയര്‍. കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ഈ മന്ത്രത്തിന്റെ പ്രധാന്യം ഏറുകയാണ്. ഇതു തന്നെയാണ് ജി-7 ഉച്ചക്കോടിയില്‍ പങ്കെടുത്ത നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവച്ചത്.

കൊവിഡ് മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന അര്‍ത്ഥവരുന്ന വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത് എന്ന മന്ത്രം അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രധാനമന്ത്രി മോദിയുടെ ഈ ആശയത്തോട് പൂര്‍ണമായും യോജിച്ചു. അവര്‍ മോദിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ആശയത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യയെ കൂടാതെ ഇത്തവണ റിപ്പബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവയും അതിഥി രാജ്യങ്ങളായി ജി-7 ഉച്ചക്കോടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ജി -7 രാജ്യങ്ങളില്‍ യുഎസ്, ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നിവ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടിയെന്നും അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് ജനുവരി- മെയ് കാലയളവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി ഇന്ത്യയ്ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വിതരണ ശൃംഖലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും മോദി പങ്കുവെച്ചു. 7 രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ ആവശ്യത്തിനോട് പൂര്‍ണ പിന്തുണയും അറിയിച്ചു.

ഇന്ത്യക്ക് പിന്തുണയായി ഓസ്ട്രേലിയയും വാക്സിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഇളവ് അനുവിക്കണമെന്ന് വാദിച്ചു. വാക്സിന്‍ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

കൊവിഡുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ഇളവ് നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യ, ദക്ഷിണാഫ്രിക്കയുടെ ഡബ്ല്യുടിഒ നിര്‍ദ്ദേശത്തിന് ജി -7 പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.