NIA (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)
ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള ഏജൻസിയാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതിയില്ലാതെ എൻഐഎയ്ക്ക് കേസുകൾ കൈകാര്യം ചെയ്യാൻ കഴിയും. മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിനുശേഷം പാസാക്കിയ ദേശീയ അന്വേഷണ ഏജൻസി ആക്റ്റ് 2008 പ്രാബല്യത്തിൽ വന്നതോടെയാണ് ഏജൻസി നിലവിൽ വന്നത്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഐഎയ്ക്ക് ഹൈദരാബാദ്, ഗുവാഹത്തി, കൊച്ചി, ലഖ്നൗ, മുംബൈ, കൊൽക്കത്ത, റായ്പൂർ, ജമ്മു എന്നിവിടങ്ങളിലും ശാഖകളുണ്ട്.
ഒരു കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് നൽകുവാൻ കേന്ദ്ര സർക്കാരിന് നേരിട്ട് നിർദേശം നൽകുകയോ ഒരു സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയോ ആകാം. ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും ഇന്ത്യൻ റവന്യൂ സർവീസിൽ നിന്നുമാണ് എൻഐഎയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള എല്ലാ അധികാരങ്ങളും പദവികളും ബാധ്യതകളും ഇവർക്ക് ഉണ്ടായിരിക്കും.
CBI (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ)
കൈക്കൂലി, സർക്കാർ അഴിമതി എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ അധികാരമുള്ള ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). 1965ൽ സ്ഥാപിതമായ സിബിഐ, പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് പ്രവർത്തിക്കുന്നത്. ഇന്റർപോളുമായി ബന്ധമുള്ള ഇന്ത്യയുടെ ഏക ഏജൻസിയായ സിബിഐ, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള അറിയിപ്പിലൂടെ മാത്രമേ സിബിഐക്ക് അന്വേഷണചുമതലയിൽ എത്തുവാൻ കഴിയൂ. ഒരു സംസ്ഥാനത്തിനകത്ത് അന്വേഷണം നടത്താൻ, സിബിഐയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പോലീസ് പദവിയുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വം കൊടുക്കുന്ന സിബിഐയിൽ ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും ഇന്ത്യൻ റവന്യൂ സർവീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.
ED (ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്)
സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുമുള്ള ഒരു നിയമ നിർവഹണ ഏജൻസിയും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയുമാണ് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ് (ഇഡി).
ന്യൂഡൽഹിയിൽ പ്രധാന ആസ്ഥാനമുള്ള ഇഡിയ്ക്ക് മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, കൊൽക്കത്ത, ദില്ലി എന്നിവിടങ്ങളിൽ അഞ്ച് പ്രാദേശിക ഓഫീസുകളുണ്ട്. 1 മെയ് 1956ൽ സ്ഥാപിതമായ ഇഡിയിൽ ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.
govt jobz
great post. thanks for sharing Click here