കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ച് നിൽക്കാൻ കഴിയില്ല: കെ. സുധാകരൻ

Share

കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനസംഘടനയുണ്ടാകും. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായ ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ. എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഈ നേതൃപദവി നൽകിയതിന് ഹൈക്കമാന്റിന് നന്ദി. വിജയിച്ച കെപിസിസി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഗ്രൂപ്പില്ല, ചെന്നിത്തലയുമായി സഹകരിച്ചിരുന്നു. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. ഗ്രൂപ്പിനതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യം. മറ്റെല്ലാ വികരങ്ങൾക്കും അതീതമായി പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് എല്ലാ നേതാക്കളും പ്രവർത്തകരും മനസിലാക്കണം. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ് പാർട്ടി പരാജയപ്പെടാൻ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോൾ പാർട്ടിയിൽ അപചയം സംഭവിച്ചു.’

‘കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്. നേതാക്കളുടെ എണ്ണമല്ല വണ്ണമാണ് കാര്യം. ഓരോ ആൾക്കും വ്യത്യസ്തമായ സ്വഭാവം, ശൈലി, സംസാരം ഒക്കെയുണ്ട്. അത് സെൽഫ് ഐഡന്റിറ്റിയാണ്. ഞാനിങ്ങനെയാണ്, അതിൽ മാറ്റമുണ്ടാകില്ല. അടിത്തട്ടിൽ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താൻ. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്നവനാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ പരുക്കൻ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല.’

കെ. സുധാകരൻ എന്നത് കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്.പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി.എതിരാളികൾ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം.

ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് . പ്രവർത്തകരാണ് എൻ്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാൾ, പ്രഭാഷണങ്ങളിലൂടെയും, പ്രവൃത്തികളിലൂടെയും സി .പി .എമ്മിൻ്റെ രാഷ്ട്രീയ കൊലപാതങ്ങൾക്കെതിരെയും, അനീതികൾക്കെതിരെയും സാഗര ഗർജ്ജനമായി, കോൺഗ്രസ്സിൻ്റെ ക്ഷോഭിക്കുന്ന നാവായി വർത്തമാന കാലഘട്ടത്തെ നിരന്തരം ഉണർത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസിൻ്റെ നിത്യസാന്നിധ്യമാണ് ശ്രീ.കെ.സുധാകരൻ .

ജീവിതരേഖ
കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി മാധവിയുടേയും മകനായി 1948 ജൂൺ 7ന് ജനിച്ചു. എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.

രാഷ്ട്രീയ ജീവിതം
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിൻ്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിൻ്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.

1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡൻ്റ്,
1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു.


1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡൻ്റ്.
1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി.കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.


1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിൻ്റെ സംഘടന തിരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ 2001 വരെ കണ്ണൂർ DCC പ്രസിഡൻ്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കംമിട്ടത് കെ.സുധാകരൻ DCC പ്രസിഡൻറ് ആയിരുന്ന വേളയിലാണ്. 1991-2001 കാലഘട്ടത്തിൽ യു.ഡി.എഫ്ൻ്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. 2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിച്ചു വരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം:

രാഷ്ട്രീയത്തിൽ ഒരു പാട് വെല്ലുവിളികൾ ഏറ്റെടുത്താണ്. കെ.സുധാകരൻ്റെ മുന്നേറ്റം.1980 ൽ എടക്കാട് അസംബ്ലിയിൽ AKG യുടെ നാട്ടിൽ കന്നിയങ്കം. എടക്കാട് മണ്ഡലത്തിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ജയിക്കുന്നതു വരെ മൽസരിക്കാൻ അനുവദിക്കണമെന്നാണ് മൽസരത്തിനിറങ്ങാൻ ആവശ്യപ്പെട്ട ലീഡർ കെ.കരുണാകരനോട് കെ.സുധാകരൻ അന്ന് പറഞ്ഞത് തുടർന്ന് ,1982 ൽ എടക്കാടും ,1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ LDF ജയിക്കുന്ന മണ്ഡലത്തിൽ കെ.സുധാകരൻ്റെ വരവോടെ CPM ൻ്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.


1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ.സുധാകരൻ, സിപിഎമ്മിലെ ഒ.ഭരതനോട് 2 19 വോട്ടിനാണ് പരാജയപ്പെടുന്നത്.ഈ തിരഞ്ഞെടുപ്പിൽ 5000 ലേറെ കള്ളവോട്ടുകൾ CPM ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു. 3000 വോട്ടുകൾ കള്ളവോട്ടാണെന്ന് കെ.സുധാകരൻ കോടതിയിൽ തെളിയച്ചതോടെ സി.പി.എം സ്ഥാനാർത്ഥി ഒ. ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ.ഭരതൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയും, 1996-ൽ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി കെ.സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.


2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനം, കായിക വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.
2009-ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2014-കണ്ണൂർ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മൽസരിച്ചു.
2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ 94559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

സി.പി.എം പ്രവർത്തകർ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ.സുധാകരൻ. ആ കാലഘട്ടങ്ങളിൽ കണ്ണൂരിൽ മാത്രം കെ.സുധാകരൻ്റെ അനുയായികളായ ഇരുപതിലധികം പേരാണ് സി.പി.എം പ്രവർത്തകരുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.നിലപാടുകളിൽ വിട്ടുവീഴ്ച്ചയില്ലാതെ കോൺഗ്രസ് വേദികളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ.സുധാകരൻ.
.ഭാര്യ:സ്മിത (റിട്ട. അധ്യാപിക, ഹയർ സെക്കൻ്ററി സ്കൂൾ, കാടാച്ചിറ) മക്കൾ: സൻജോഗ് സുധാകർ, സൗരവ് സുധാകർ (ബിസിനസ്സ്), മരുമകൾ.ശ്രീലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *