പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ പാസ്സിങ് ഔട്ട്: മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

Share

കോവിഡ് കാലത്ത് പാസിങ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ള പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തിയത് പോലീസിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ മികവ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തവും മഹാമാരിയുമൊക്കെ അനുഭവിക്കേണ്ടിവന്ന പൊതുജനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ യഥാര്‍ഥ സംരക്ഷകരായത് പോലീസാണ്. പോലീസിന്‍റെ യശസ്സ് ഉയര്‍ത്താനാകുന്നവിധമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന പ്രതിജ്ഞ എപ്പോഴും മനസ്സില്‍ കരുതാന്‍ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ഇ-പാസ്സിങ് ഔട്ട് പരേഡില്‍ 135 പേരാണ് പ്രതിജ്ഞ ചൊല്ലി പോലീസ് സേനയുടെ ഭാഗമായത്. പോലീസിന്‍റെ വാര്‍ത്താവിനിമയസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ എട്ടാമത് ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. മികച്ച ഔട്ട് ഡോര്‍ കേഡറ്റായി മിഥുന്‍ രാജും മികച്ച ഇന്‍ഡോര്‍ കേഡറ്റായി ഷാരോണ്‍ കുമാറും തിരഞ്ഞെടുക്കപ്പെട്ടു. ആകാശ്. എസ് ആണ് മികച്ച ഷൂട്ടര്‍. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിനുള്ള അവാര്‍ഡ് എല്‍. ഉണ്ണിക്കൃഷ്ണന് ലഭിച്ചു.

സേനയുടെ ഭാഗമായ 135 പേരില്‍ 84 പേര്‍ ബി.ടെക്ക് ബിരുദധാരികളാണ്. വിവിധ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദധാരികളായ 15 പേരും ബിരുദധാരികളായ നാല് പേരും പരിശീലനം പൂര്‍ത്തിയാക്കി. ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടാതെ ഡ്രൈവിംഗ്, യോഗ, നീന്തല്‍, വിവിധ ആയോധനകലകള്‍ എന്നിവയിലും ഇന്ത്യന്‍ ഭരണഘടന, മനുഷ്യാവകാശം, പോലീസ് മാന്വല്‍, വിവിധ നിയമങ്ങള്‍ എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

കോവിഡ് രൂക്ഷമായപ്പോള്‍ പരിശീലനം താത്കാലികമായി നിര്‍ത്തിവെച്ചുവെങ്കിലും ഓണ്‍ലൈനില്‍ പരിശീലനം നല്‍കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വിവിധ ജില്ലകളില്‍ ഇവരുടെ സേവനം വിനിയോഗിക്കുകയുണ്ടായി.

പാസ്സിങ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ, പരിശീലന വിഭാഗം ഐ.ജി പി.വിജയന്‍, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി ആമോസ് മാമ്മന്‍, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.