ശ്രീകരുണാകരഗുരു മനുഷ്യരാശിയുടെ അന്തസുയര്‍ത്തി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

Share

പോത്തന്‍കോട് : മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസുയര്‍ത്തുന്നതരത്തില്‍ ജാതിയ്ക്കും മതത്തിനും അതീതമായ ആത്മീയ വീക്ഷണമാണ് ശ്രീകരുണാകരഗുരു അവതരിപ്പിച്ചതെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്.

ഇന്ത്യന്‍ ആത്മീയതയുടെ അന്തസത്തയായ സനാതനമൂല്യത്തിലധിഷ്ടിതമായ മാനവികവീക്ഷണവും സാംസ്ക്കാരിക സമന്വയവും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും എല്ലാം കൂട്ടിയിണക്കികൊണ്ടുള്ള തത്വസംഹിതയാണ് ഗുരു മുന്നോട്ടുവച്ചത്.

ഇതിലൂടെ ലോകനന്മക്കുതകുന്ന ഒരു മികച്ചപരമ്പരയെത്തന്നെയാണ് കരുണാകരഗുരു വാര്‍ത്തെടുത്തതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടു ആഘോഷങ്ങളില്ലാതെയാണ് ചടങ്ങു നടന്നത്.

രാവിലെ 11ന് ആശ്രമത്തിലെത്തിയ ഗവര്‍ണ്ണറെ ആശ്രമകവാടത്തില്‍വച്ചു ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു ആശ്രമത്തിനകത്തു ആരാധനയില്‍ പങ്കുകൊണ്ടു.

താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം ന‌ടത്തിയശേഷമാണ് സഹകരണമന്ദിരത്തിലെ ഉദ്ഘാടന വേദിയിലെത്തിയത്. തുടര്‍ന്നു ഗുരുവിന്റെ 95-ാമത് ജന്മദിനഘോഷങ്ങള്‍ക്ക് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിതെളിച്ചു.

മന്ത്രി ജി.ആര്‍.അനില്‍ അദ്ധ്യക്ഷനായിരുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗതം പറഞ്ഞു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സം,സ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍, പ്രൊ. കെ.ഗോപിനാഥന്‍ പിള്ള, ‍ഡോ. കെ.എന്‍.ശ്യാമപ്രസാദ്, സബീര്‍തിരുമല, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടിഉമ്മന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *