ഇന്ന് ലോക പിതൃദിനം

Share

ലോക മാതൃ ദിനം’ പോലെ സുപ്രധാനമാണ് ‘ലോക പിതൃ ദിനവും’. അമ്മയെപ്പോലെ അച്ഛനെയും സ്മരിക്കുവാനുള്ള അസുലഭ, അമൂല്യ അവസരമാണ് ലോക പിതൃദിനം മൂലം നമുക്ക് ലഭിക്കുന്നത്. അച്ഛന്‍ എന്ന വാക്കിന് ഏതൊരാള്‍ക്കും അവരുടേതായ അര്‍ഥവ്യാപ്തിയും നിര്‍വചനങ്ങളുമുണ്ടാകും. എന്നാല്‍, അച്ഛനു പകരം മറ്റൊന്നില്ല. അതിനാല്‍ അച്ഛന്റെ കരുതലിനെ, പുണ്യത്തെ, ത്യാഗത്തെ അനുസ്മരിക്കുന്ന പിതൃദിനം അതിവിശിഷ്ടം തന്നെയാണ്.

ഓരോ പിതാവും തന്റെ ചിന്തകളെയും പ്രവൃത്തികളെയും പരിശോധിച്ചു വിചിന്തനം നടത്തി കുടുംബത്തിനും സമൂഹത്തിനും മാര്‍ഗദീപമായി മാറാന്‍ തക്കവിധം സ്വയം മാറേണ്ട ദിനം കൂടിയാണിത്.

അച്ഛന്റെ വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത് ഏതൊരാളുടെയും അനുഗ്രഹമാണ്. ഒരു പുരുഷായുസിന്റെ മുഴുവന്‍ ചിന്തയും വിയര്‍പ്പും കുടുംബത്തിനായി ഹോമിച്ച്‌ ഉരുകുമ്പോഴും അതു പുറത്തറിയിക്കാതെ തന്നെ ആശ്രയിക്കുന്നവരെ മുഴുവന്‍ താങ്ങിനിര്‍ത്തും അച്ഛന്‍.

അതേ, അരയാല്‍ പോലെ സ്വന്തം കുടുംബത്തിനു മുകളില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരു മഹാമേരുവാണ് അച്ഛന്‍. ധാര്‍മികമൂല്യങ്ങള്‍ സ്വന്തം മക്കള്‍ക്കു പകര്‍ന്നുനല്‍കുന്ന ദൈവത്തിന്റെ ആള്‍രൂപം. വളര്‍ന്നു വലുതാകുമ്പോള്‍ അച്ഛനെപ്പോലെയാകണമെന്ന പിഞ്ചുകുഞ്ഞിന്റെ വാക്കില്‍ നിറയുന്നത് അച്ഛനെന്ന റോള്‍ മോഡലാണ്.

അച്ഛന്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന മൂല്യങ്ങള്‍ അറിയാതെ മക്കളിലേക്കും പകര്‍ന്നിറങ്ങും. കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, ധാര്‍മികമൂല്യമുള്ള പുതുതലമുറയെ സൃഷ്ടിക്കാന്‍ അച്ഛനുള്ള പങ്ക് വളരെ വലുതാണ്.

ഭാരതീയ തത്ത്വചിന്തയുടെ സ്വര്‍ണലിപികളില്‍ കൊത്തിയ വാക്കുകളാണ് മാതാ-പിതാ-ഗുരു-ദൈവം എന്നത്. ഭൂമിയെന്ന മാതാവിന്റെയും ചിന്തയും മനസുമായ പിതാവിന്റെയും ബോധമെന്ന ഗുരുവിന്റെയും സാക്ഷാത്കാരമാണു ദൈവസൃഷ്ടിയായ മനുഷ്യന്‍.

ചിന്തയും മനസും ഒരിക്കലും കാണാന്‍ കഴിയാത്തതുപോലെതന്നെ അച്ഛനെയും അച്ഛന്റെ ത്യാഗങ്ങളെയും ചിലപ്പോള്‍ നാം കാണാതെപോകുന്നു. ആ മനസും നാം അറിയാതെ പോകുന്നു. മക്കളുടെ വിജയത്തിനായി പരാതികളില്ലാതെ കഷ്ടപ്പാടുകള്‍ സ്വയം വഹിക്കുമ്പോള്‍, കുടുംബമെന്ന കരയില്‍നിന്ന് കഷ്ടപ്പാടെന്ന കയത്തിലേക്ക് ഇറങ്ങുന്ന അച്ഛന് പ്രതിഫലിപ്പിക്കാന്‍ കഴിയാതെപോകുന്ന സ്നേഹവും വാത്സല്യവും അമ്മയെ ഏല്‍പ്പിക്കാറുണ്ട്.

അതിന്റെ വിലയേറിയ ഒരു പങ്കാണ് അമ്മ തരുന്ന പ്രതിബന്ധങ്ങള്‍ അലട്ടാത്ത സ്നേഹത്തിന്റെ പാതിയെന്നും അച്ഛന്റെ കരുതലാണ് അമ്മയുടെ സ്നേഹമെന്നും നമുക്കു മറക്കാതിരിക്കാം. അച്ഛനെ സുഹൃത്തായി കാണുന്ന ഇന്നത്തെ കാലത്തു മക്കളുടെ സ്വഭാവരൂപീകരണത്തിലും ഒപ്പം നന്മയുടെ ചൂണ്ടുപലകയാകാനും അച്ഛനു കഴിയണം.

എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ മക്കള്‍ക്കുണ്ട്. മക്കളുടെ ആവശ്യവും അനാവശ്യവും കണ്ടറിഞ്ഞു വേണ്ട തിരുത്തലുകള്‍ നല്‍കാന്‍ സാധിക്കുമ്പോഴാണു പിതൃത്വം ഉത്തരവാദിത്വപൂര്‍ണമാകുന്നത്.

മക്കളുടെ സ്വപ്നങ്ങള്‍ക്കു തങ്ങളുടെ സ്വപ്നങ്ങളെക്കാള്‍ നിറമുണ്ടെന്നു മനസിലാക്കി അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ചു ദിശാബോധം നല്കാനും അച്ഛനു കഴിയണം. മക്കള്‍ക്കായി സ്വര്‍ഗലോകം തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന അച്ഛനു പലപ്പോഴും പക്ഷേ, കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയം കിട്ടുന്നില്ലെന്നതാണു വസ്തുത.

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്ക്കാന്‍, അല്പമൊന്നു സ്നേഹിക്കാന്‍, അച്ഛന്‍ അടുത്തുണ്ടാകണമെന്നു മക്കള്‍ ആഗ്രഹിക്കുമ്പോള്‍ മക്കള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തണം. എന്നാല്‍, ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഇവയൊന്നും സാധ്യമാകുന്നില്ലെന്നുതന്നെ വേണം പറയാന്‍. കാരണം രണ്ടു രാജ്യങ്ങളില്‍ ജോലിചെയ്യുന്ന അച്ഛനും അമ്മയും ഹോസ്റ്റലില്‍ നില്‍ക്കുന്ന മക്കളും തമ്മിലുള്ള ആത്മബന്ധം ഏത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ്.

ഇങ്ങനെയാണ് ഇന്നത്തെ നമ്മുടെ പല കുടുംബങ്ങളുടെയും അവസ്ഥയെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.വ്യക്തിബന്ധങ്ങള്‍ക്കു വില കല്പിക്കാത്ത ഇന്നത്തെ സമൂഹത്തില്‍ അച്ഛനു സുപ്രധാന പങ്കു വഹിക്കാനുണ്ട്.

സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന കണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍ അച്ഛന്‍ നിറവേറ്റുന്ന കര്‍ത്തവ്യനിര്‍വഹണം മക്കള്‍ക്കു മാതൃകയാകണം. തന്റെ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവെന്നത് ഓരോ കുട്ടിയും ശ്രദ്ധിക്കുമെന്നും അതുതന്നെയായിരിക്കും അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കും നല്‍കുന്നതെന്നതും മറക്കരുത്.കാവല്‍ക്കാരും സംരക്ഷകരുമാകേണ്ട അച്ഛന്മാര്‍ തന്നെ പലപ്പോഴും ദുഷ്ടശക്തികളായി മാറുന്നുവെന്നത് ഇന്നത്തെ സമൂഹത്തിന്റെ ദുരവസ്ഥയാണ്.

പിതൃത്വത്തിന്റെ മഹത്വം മനസിലാക്കാതെ സ്വന്തം സ്വാര്‍ഥതയ്ക്കുവേണ്ടി അച്ഛനെന്ന പേരിനെ അശുദ്ധമാക്കുന്ന ധാരാളം ആളുകളുടെ കഥകള്‍ അനുദിനം നമ്മുടെ കണ്‍മുന്നിലുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വന്തം ജീവിതം നശിപ്പിക്കുന്നതോടൊപ്പം തന്റെ
കുടുംബത്തിന്റെയും മക്കളുടെയും ഭാവിയും ഇരുട്ടിലാക്കുന്ന ഒട്ടനവധി പിതാക്കന്മാരും ഇന്നത്തെ സമൂഹത്തിലുണ്ട്.

റോള്‍ മോഡലായ അച്ഛന്റെ ദുര്‍ഗുണങ്ങളും മക്കളിലേക്കു പകര്‍ന്നിറങ്ങിയാല്‍ തങ്ങളുടെ മക്കളുടെ ജീവിതം ഇരുളടഞ്ഞതായിരിക്കുമെന്ന് ഇത്തരം പിതാക്കന്മാര്‍ മനസിലാക്കണം.
പിതൃത്വത്തിന്റെ പവിത്രത മനസിലാക്കി മാതൃകാപൂര്‍ണമായ ജീവിതം നയിക്കാന്‍ ഓരോ പിതാവും ശ്രദ്ധിക്കണം. സ്വാര്‍ഥരായി മാറുന്ന ഇന്നത്തെ തലമുറയ്ക്കു പങ്കുവയ്ക്കലിന്റെ സ്നേഹവും മധുരവും നിറയ്ക്കേണ്ട കടമയും പിതാക്കന്മാക്കാണെന്നതു മറക്കാതിരിക്കാം.

പഠനവും മത്സരവും മാത്രമാകാതെ ആത്മീയതയിലൂന്നിയ ജീവിതനിഷ്ഠകളും സ്നേഹത്തിന്റെ പാഠങ്ങളും മക്കള്‍ക്കു പകര്‍ന്നുനല്‍കണം. ആത്മവിശ്വാസമെന്ന കരുത്ത് ജീവിതത്തില്‍ സ്വായത്തമാക്കാന്‍ ഇതിലൂടെ അവര്‍ക്കു കഴിയും.

അച്ഛന്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും മക്കള്‍ക്കു വലിയ പ്രേരകശക്തിയാണ്. ജീവിതത്തിന്റെ ഉത്തുംഗശ്രേണിയിലെത്താനുള്ള ഊര്‍ജം അച്ഛന്റെ ചെറിയൊരു വാക്കില്‍നിന്നുപോലും മക്കള്‍ക്കു ലഭിക്കും. എന്നും താങ്ങായും കരുതലായും ഊര്‍ജമായും ഒപ്പംനില്‍ക്കുന്ന അച്ഛന്‍ മക്കളുടെ സ്വകാര്യ അഹങ്കാരംതന്നെയാണ്. അങ്ങനെയാകണം ഓരോ പിതാവും. ഏതു ന്യൂജനറേഷന്‍ ആയാലും അച്ഛനെന്നാല്‍ താങ്ങാണ്, തണലാണ്, കരുതലാണ്. ജീവിതത്തിലെ ഓരോ അംശവും കരുതല്‍ തരുന്ന അവര്‍ക്ക് അതു തിരികെക്കൊടുക്കാനും മക്കള്‍ക്കു സാധിക്കണം. വാര്‍ധക്യത്തിലെ അച്ഛനെ തങ്ങളുടെ മകനായി കാണണം, ബഹുമാനത്തോടെതന്നെ.

നിങ്ങളെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ അവരെ കൈപിടിച്ചു നടത്താന്‍, ചൊല്ലിത്തന്നെ വാക്കുകള്‍ അവര്‍ക്കായി മടുപ്പില്ലാതെ സ്നേഹപൂര്‍വം തിരിച്ചുചൊല്ലിക്കൊടുക്കാന്‍ നമുക്കാവണം. കാരണം, അവരുടെ കൈപിടിച്ചാണു നാം പിച്ചവച്ചു നടന്നത്. അവരുടെ കൈകളിലാണു ഭയമില്ലാതെ നാം ഉറങ്ങിയത്. അവരുടെ ത്യാഗമാണ് നമ്മളെ നാം ആക്കിയത്. അവരുടെ സ്വപ്നമാണ് നമ്മുടെ ജീവിതം. തിരികെയൊന്നും പ്രതീക്ഷിക്കാതെ അവര്‍ നമുക്കായി ചെയ്ത നന്മകള്‍ പുണ്യമായി നമ്മുടെ ജീവിതത്തില്‍ നിറയുമ്പോള്‍ പിതാവെന്ന മഹാ ചൈതന്യത്തെ നമിക്കാനാകണം.