ഇന്ന് മീലാദുന്നബി: സാഹോദര്യത്തിന്റെയും കരുണയുടെയും പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം

Share

ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്.

ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം. പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.

ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ
ലോകം എങ്ങുമുള്ള കേരളീയർ ക്ക് നബിദിനാശംസ നേർന്നു.

എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും  പ്രചോദനമാകട്ടെ- – ഗവർണർ ആശംസ റ്റ്വീറ്റിൽ പറഞ്ഞു.

ആഘോഷ രീതി

മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇവയിൽ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.

ചരിത്രം

പ്രവാചകൻ മുഹമ്മദ്ന്റെയോ അനുചരരുടെയോ ജീവിതകാലത്ത് ജന്മദിന ആഘോഷങ്ങൾ നടന്നിരുന്നില്ല. പിന്നീട് നബിയുടെ വിയോഗത്തിന് ശേഷം ചില അനുചരർ അദ്ദേഹത്തിൻറെ ജന്മനാളിൽ സ്വലാത്ത് ചൊല്ലുകയും ചരിത്ര വിവരണം നടത്തുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. വീട് സന്ദർശിക്കുക, സമാധി സ്ഥലം സന്ദർശിക്കുക, പ്രകീർത്തനം നടത്തുക ദാനം ചെയ്യുക മാംസ വിതരണം നടത്തുക എന്നിങ്ങനെയൊക്കെ വ്യക്തികളാലും വീടുകളിലും നടന്നിരുന്നതായി കാണാം കേവലം വ്യക്തികളിലൊതുങ്ങിയിരുന്ന സന്തോഷ പ്രകടനങ്ങളെ സംഘടിതമായ രീതിയിലേക്ക് രൂപമാറ്റം ചെയ്യിക്കുന്നത് സൂഫികളാണ്. ഒരു സ്വർണ്ണ മല എനിക്കുണ്ടായിരുന്നുവെകിൽ അത് മുഴുവനും നബിയുടെ അപദാനങ്ങൾ വാഴ്ത്താൻ ഉപയോഗിക്കുമെന്ന സൂഫി ഗുരു ഹസ്സൻ ബസ്വരിയുടെ വാക്കുകൾ അക്കാലത്തെ അധികാരികളെ പ്രചോദിപ്പിച്ചിരുന്നു. ഖാൻഖാഹുകളെന്ന സൂഫി ആശ്രമങ്ങളിലാണ് സംഘടിതമായ രീതികളിൽ മീലാദ് അനുസ്മരണങ്ങൾ നടന്നിരുന്നത്. ഈ അനുഷ്ടാനങ്ങളെ ഭരണപരമായ നിലയിലേക്ക് പരാവർത്തനം ചെയ്യുന്നത് ഫാത്വിമി ഭരണാധികാരികളുടെ കീഴിലാണ്. അവർക്കു ശേഷം സൻകിദ് ഭരണ തലവൻ നൂറുദ്ദീൻ മഹ്മൂദ് സൻകിയുടെ സഹായത്താൽ ശൈഖ് ഉമർ മല്ലാഅ് എന്ന ആത്മീയവാദി ബൃഹത്തായ രീതിയിൽ മീലാദ് ആഘോഷം നടത്തി. മഹ്മൂദ് സൻകിക്ക് ശേഷം അധികാരത്തിൽ വന്ന അയ്യൂബി രാജവംശ സ്ഥാപകൻ സലാഹുദ്ദീൻ അയ്യൂബി ഖാൻഖാഹുകളിൽ വിപുലമായ രീതിയിൽ മീലാദ് ആഘോഷങ്ങളും, മൗലീദ് സദസ്സുകളും സംഘടിപ്പിച്ചു. ആശ്രമങ്ങളിലും വീടുകളിലും കൊട്ടാരങ്ങളിലും ഒതുങ്ങി നിന്നിരുന്ന സന്തോഷാനുസ്മരണങ്ങളെ കെങ്കേമമായ പൊതുജനവത്കരിക്കപ്പെടുന്നത് ഇർബിൽ രാജാവായ മുളഫർറിന്റെ കാലത്താണ്.

മീലാദ് ആഘോഷങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അതല്ല ഇദ്ദേഹത്തിന് മുൻപ് തുർക്കിയിലെ സൂഫികൾ പൊതു ജനങ്ങളെ ഉൾപ്പെടുത്തി ആഘോഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇർബിലിനോടൊപ്പം പാലസ്തീൻ ഇറാക്ക് തുർക്കി എന്നിവിടങ്ങളിലും അക്കാലത്ത് നബിദിന ആഘോഷങ്ങൾ നടന്നിരുന്നു. അയ്യൂബികൾക്ക് ശേഷം മംലൂക് ,ഓട്ടോമൻ , സുൽത്താൻ , മുഗൾ ഭരണാധികാരികളും കേമമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയിരുന്നു.ഉസ്മാനിയ ഖിലാഫത്ത് നബിദിനത്തിൽ പള്ളികൾ അലങ്കരിക്കുന്ന പതിവ് ഇന്നും തുർക്കിയിൽ തുടർന്ന് പോരുന്നു. ലിബിയയിൽ പുതുവസ്ത്രമണിഞ്ഞു കുട്ടികൾ റാന്തലുകളേന്തി വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. എന്നാൽ മുഹമ്മദ് നബിയുടെ ജന്മനാടായ സൗദിയിൽ വ്യക്തികളും സംഘടനകളും മീലാദ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഭരണപരമായ ആഘോഷങ്ങൾ ഒന്നും തന്നെ അവിടെ നടക്കാറില്ല. മുൻകാലങ്ങളിൽ നടന്ന ആഘോഷങ്ങൾ സഊദ് ഭരണകൂടം നിലവിൽ വന്ന ശേഷം അവസാനിപ്പിക്കുകയായിരുന്നു. 1986 ഇൽ നബിദിനത്തിനു നൽകിയിരുന്ന പൊതു അവധിയും സൗദി അറേബ്യ റദ്ദാക്കി. തുർക്കി മലേഷ്യ , ഈജിപ്ത് ,യമൻ എന്നിവിടങ്ങളിലെ മീലാദ് ആഘോഷങ്ങൾ പ്രസിദ്ധമാണ്.

മുഹമ്മദ് – മുഹമ്മദ്‌ നബി – ജന്മദിനം

ഇസ്‌ലാം മത വിശ്വാസത്തിലെ അന്ത്യ പ്രവാചകനാണ് മുഹമ്മദ്‌ അഥവാ മുഹമ്മദ് നബി. ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണ കൂടം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്നതു പോലെതന്നെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു. ആദം നബി, ഇബ്റാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.

മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല (അറബി: محمد بن عبد الله) എന്നാണ്‌ അദ്ദേഹത്തിൻറെ പൂർണ്ണനാമം. അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ് പിതാവും ആമിന ബിൻത് വഹബ് മാതാവുമാണ്.

മക്കയിലും മദീനയിലും നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമികവിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. മദീന കേന്ദ്രീകരിച്ച് മുഹമ്മദ് രൂപവത്കരിച്ച രാഷ്ട്രത്തിന്റെ സംരക്ഷണാർത്ഥം ബദ്ർ, ഉഹ്ദ്, ഖൻദഖ്, ഹുനൈൻ തുടങ്ങിയ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി.

പേരിനു പിന്നിൽ

മുഹമ്മദ് (അറബി:محمد) ഉച്ചാരണം ഇവിടെ കേൾക്കാം (help·info) എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യർഹൻ, സ്തുതിക്കപ്പെട്ടവൻ എന്നിങ്ങനെ അർത്ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവിൽ നിന്നാണ് മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി. മുഹമ്മദ് നബി എന്നാണ്‌ അദ്ദേഹത്തിന്റെ പരക്കെ അറിയപ്പെടുന്ന പേര്. ‘നബി’-യെന്നാൽ പ്രവാചകൻ എന്നർത്ഥം. റസൂൽ (സന്ദേശവാഹകൻ) എന്നു തുടങ്ങി പതിനഞ്ചോളം വിശേഷണങ്ങൾ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഖുർആനിലെ ചില അദ്ധ്യായങ്ങളിൽ മുഹമ്മദ് നബി പ്രവാചകരിൽ ഉന്നതൻ എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഇസ്‌ലാം വിശ്വാസികൾ മുഹമ്മദ് നബിയുടെ പേര്‌ കേൾക്കുമ്പോൾ സ്വല്ലല്ലാഹു അലൈഹി വസല്ലം (അറബി:صلى الله عليه وسلم) (അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ – Peace be upon him) എന്ന പ്രാർത്ഥനാവചനം ഉച്ചരിക്കാറുണ്ട്. ഇത് സൂചിപ്പിക്കുന്നതിന് മുഹമ്മദ് (സ) എന്ന് എഴുതുമ്പോൾ ഉപയോഗിക്കുന്നു.