ക്യാമ്പസിലേക്ക് കരുതലോടെ: കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Share

സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂർണമായി കോവിഡിൽ നിന്നും മുക്തരല്ല. അതിനാൽ എല്ലാവരും കലാലയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് പോരാട്ടത്തിൽ പഠിച്ച പാഠങ്ങൾ മറക്കരുതെന്നും കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. കോവിഡ് ഡെൽറ്റ വകഭേദം നിലനിൽക്കുന്നതിനാൽ ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക. യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.  എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നിൽക്കുകയോ കൈകൾ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കുകയോ അരുത്. അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്. വിദ്യാർത്ഥികൾ പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടുള്ളതല്ല. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ കോളേജിൽ പോകാൻ പാടുളളതല്ല. കോവിഡ് സമ്പർക്ക പട്ടികയിലുള്ളവർ ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കണം.
 ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ട് മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.  കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല.
 ഉപയോഗശേഷം മാസ്‌കുകൾ, കൈയുറകൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ടോയ്ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് അഭികാമ്യം.  വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

Leave a Reply

Your email address will not be published. Required fields are marked *