ഇടുക്കി: കട്ടപ്പന നരിയംപാറയിൽ പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന യുവാവ് മുട്ടത്തെ ജില്ലാ ജയിലിൽ തൂങ്ങിമരിച്ചു. നരിയംപാറ തടത്തുകാലായിൽ മനു മനോജ്(24) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ 3.45 നായായിരുന്നു സംഭവം.
തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ ജയിൽ അധികൃതർ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ജയിൽ കെട്ടിടത്തിന് മുകളിൽ തുണി അലക്കി ഉണക്കുന്ന സ്ഥലത്തേക്ക് പോയ മനു മടങ്ങി എത്താതിരുന്നപ്പോൾ അധികൃതർ അന്വേഷിച്ചെത്തി.
ഈ ഭാഗത്തെ ഗ്രില്ലിൽ ഉടുമുണ്ടും തോർത്തും കൂട്ടിക്കെട്ടി കുരുക്കുണ്ടാക്കി മനു തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. നരിയംപാറയിലെ ഓട്ടോഡ്രൈവറായ മനുവിനെതിരെ ഒക്ടോബർ 22-നാണ് കട്ടപ്പന പൊലീസിൽ പീഡനപരാതി ലഭിച്ചത്. അടുത്ത ദിവസം വീട്ടിലെ കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒക്ടോബർ 31ന് പെൺകുട്ടി മരിച്ചു.
ഒളിവിലായിരുന്ന മനു ഇതിനു പിന്നാലെ പൊലീസിൽ കീഴടങ്ങി.തുണി ഉണക്കാൻ മനു ജയിലിനു മുകളിലേക്ക് പോയപ്പോൾ കൂടെ ജയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ജീവനക്കാർ കുറവായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. അനുവാദം വാങ്ങിയാണ് മനു തുണി എടുക്കാൻ പോയതെന്നും അവർ പറഞ്ഞു.
മുട്ടം പൊലീസ് കേസെടുത്തു. ജയിൽ അധികൃതരിൽ നിന്ന് വിശദീകരണവും തേടി. മനുവിന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. അച്ഛൻ: മനോജ്, അമ്മ: ഗ്രേസി.