സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാൻ കർമ്മ പദ്ധതി

Share

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
2023 ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (Kerala Antimicrobial Resistance Strategic Action Plan – KARSAP) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കോവിഡ് കാരണം എ.എം.ആർ. പ്രവർത്തനങ്ങൾ മന്ദഗതിയിലായത് ഊർജിതമാക്കാൻ തീരുമാനമെടുത്തു. അടുത്ത മൂന്ന് വർഷത്തിനകം ലക്ഷ്യം കൈവരിക്കാനായി ഹ്രസ്വമായതും ദീർഘമായതുമായ സമയം കൊണ്ട് പരിഹരിക്കേണ്ട പ്രശ്നങ്ങൾ കണ്ടെത്തി ആക്ഷൻ പ്ലാൻ വിപുലപ്പെടുത്തും. ജില്ലാതലങ്ങളിൽ എ.എം.ആർ. കമ്മിറ്റികൾ രൂപീകരിക്കും. എറണാകുളം ജില്ലയിൽ വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്പോക്ക് മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു.
എല്ലാ മൂന്ന് മാസവും എ.എം.ആർ. അവലോകന യോഗങ്ങൾ സംഘടിപ്പിച്ച് ലക്ഷ്യം പൂർത്തിയാക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും. സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. എ.എം.ആർ. നിരീക്ഷണ ശൃംഖല (KAR-Net) വിപുലീകരിക്കാൻ തീരുമാനിച്ചു. പരിസ്ഥിതി, ജലം, പാൽ, മത്സ്യ മാംസാദികൾ, ആഹാര പദാർത്ഥങ്ങൾ എന്നിവയിൽ കാണുന്ന ആന്റിബയോട്ടികളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങൾ വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ചു. അത് നിയന്ത്രിക്കാൻ വേണ്ടിയുള്ള നടപടികളും ചർച്ച ചെയ്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസർ എം.സി. ദത്തൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഐ.എസ്.എം. ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ഡ്രഗ്സ് കൺട്രോളർ, മെഡിക്കൽ കോളേജ് മൈക്രോളജി വിഭാഗം മേധാവി, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, വെറ്റിനറി യൂണിവേഴ്സിറ്റി, ഫിഷറീസ് യൂണിവേഴ്സിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ആർ.ജി.സി.ബി., അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ്, ഐ.എം.എ., ഐ.എ.പി, സ്വകാര്യ മേഖല, തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.