സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം: മന്ത്രി വീണാ ജോർജ്

Share

സന്നദ്ധ രക്തദാനത്തിനായി കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതൽ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം. സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ സന്നദ്ധ രക്തദാനത്തിലൂടെ ഇപ്പോൾ ലഭിക്കുന്നത് 84 ശതമാനമാണ്. ഇത് 100 ശതമാനത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗോർഖി ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ‘സസ്നേഹം സഹജീവിക്കായി’ എന്ന ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യാ @75 എന്ന പരിപാടിയിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. കെ.എസ്.എ.സിന്റെ ഗുഡ്വിൽ അംബസഡർമാരായ മഞ്ജുവാര്യർ, നീരജ് മാധവ് എന്നിവർ ഓൺലൈനായി ആശംസകൾ അർപ്പിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേശ്. ബോധവത്കരണ വിഭാഗം ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ എന്നിവർ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ പോളിസിയെക്കുറിച്ചും സന്നദ്ധ രക്തദാന മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിദഗ്ധർ നയിച്ച ടെക്നിക്കൽ സെഷനും ഉണ്ടായിരുന്നു.