ശീലത്തിന് പിന്നിൽ.. തലയ്ക്കെണ്ണ തേയ്ക്കുന്നത് മണം നോക്കിയോ?

Share

തലയ്ക്ക് എണ്ണ തേയ്ക്കുന്നവരും തേയ്ക്കാത്തവരുമുണ്ട്. ഈ ശീലത്തിന് പിന്നിൽ അവരവരുടെ ഇഷ്ടങ്ങളായിരിക്കുവാനാണ് സാദ്ധ്യത. എന്നാൽ തലയ്ക്ക് എണ്ണ തേയ്ക്കേണ്ടവരും തേയ്ക്കുവാൻ പാടില്ലാത്തവരുമെന്ന് രണ്ട് വിഭാഗമായി ആയുർവേദ ചികിത്സകർ ആൾക്കാരെ തിരിച്ചിട്ടുണ്ട്. തലയ്ക്കെണ്ണയും ദേഹത്ത് സോപ്പും തേയ്ക്കില്ലെന്ന് പറയുന്നവർ യഥാർത്ഥത്തിൽ എണ്ണ തേയ്ക്കേണ്ട വിഭാഗത്തിലുള്ളവരാണോ അല്ലയോ എന്നുകൂടി തിരിച്ചറിയുന്നത് നല്ലതാണ്.

കേരളീയർക്ക് പ്രിയം വെളിച്ചെണ്ണ കൊണ്ടുണ്ടാക്കിയ തലയ്ക്കെണ്ണയാണെങ്കിൽ തൊട്ടടുത്ത സംസ്ഥാനത്ത് എള്ളെണ്ണ ഉപയോഗിച്ച് നിർമ്മിക്കുന്ന തൈലങ്ങളോടാണ് പ്രിയം. കേരമെന്നു കേട്ടാൽ വെളിച്ചെണ്ണയാണെന്നും തൈലമെന്നോ എണ്ണ എന്നോ പറഞ്ഞാൽ അത് നല്ലെണ്ണ കൊണ്ടുണ്ടാക്കിയതാണെന്നും സാമാന്യേന മനസ്സിലാക്കാം.അങ്ങനെ അല്ലാത്തവയുമുണ്ട്. അടുത്തകാലത്തായി നിർമ്മിക്കുന്ന ചില എണ്ണകളിൽ ആവണക്കെണ്ണയും വെളിച്ചെണ്ണയും എള്ളെണ്ണയും പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമ്മിക്കുന്നവയുമുണ്ട്.

ഈ ലേഖനത്തിൽ വെളിച്ചെണ്ണയായാലും എള്ളെണ്ണയായാലും നമുക്കിനി എണ്ണ എന്ന പദം തന്നെ ഉപയോഗിക്കാം. തലയ്ക്ക് എണ്ണ തേയ്ക്കുന്നവർക്ക് വാതരോഗങ്ങൾക്ക് ശമനവും നല്ല മുടിയും കാഴ്ചശക്തിയും നല്ല ഉറക്കവും ലഭിക്കുന്നതിനൊപ്പം തലയോട്ടിയിലെ ത്വക്കിന്റെ രൂക്ഷത കുറഞ്ഞ് താരണം പോലുള്ള രോഗങ്ങൾ മാറുകയും ചെയ്യും.

തലയ്ക്ക് വേണ്ടി എണ്ണകൾ നിർമ്മിക്കുന്നതിനുള്ള പലതരം വിധികൾ ആയുർവേദത്തിലുണ്ട്. ആയുർവേദത്തിലേ ഇതൊക്കെ ഉള്ളൂ എന്നും പറയാം. കാരണം തലയ്ക്കുള്ള എണ്ണ എന്നത് മുടിയുടെ സൗന്ദര്യവർദ്ധനവിനായി മാത്രം ഉപയോഗിക്കുന്ന ഒന്നായിട്ടല്ല ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നത്. പലവിധ രോഗങ്ങളിൽ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ എണ്ണ ഉപയോഗിക്കേണ്ടിവരും.ചെവിക്ക് വേദന വന്നാൽ, ചെവിയിലൂടെ പഴുപ്പ് വന്നാൽ,വാതരോഗശമനത്തിന്, തലവേദനയ്ക്ക്, സൈനസൈറ്റിസിന്, പല്ലുവേദന ഉണ്ടായാൽ, തൊണ്ടയിലെ രോഗങ്ങൾക്ക്, കഴുത്തിനും പിടലിക്കുമുള്ള രോഗങ്ങൾക്ക്, തുടർച്ചയായ തുമ്മലിന്, ശ്വാസംമുട്ടലിന്, ദേഹത്തുണ്ടാകുന്ന ചുട്ടുനീറ്റലിന്, ഉറക്കത്തിന് തുടങ്ങി വിവിധ രോഗങ്ങൾ തലയ്ക്കെണ്ണ തേയ്ക്കുന്നതിലൂടെ സുഖപ്പെടുത്താൻ സാധിക്കും.എണ്ണ മാത്രമാണ് ചികിത്സ എന്നല്ല പറയുന്നത്. മറിച്ച് മറ്റു ചികിത്സകൾക്കൊപ്പം തലയ്ക്കെണ്ണ കൂടി ഉപയോഗിച്ചാൽ അത്ഭുതാവഹമായ ഫലമാണ് ലഭിക്കുന്നത്.

ഇടയ്ക്കിടെ മാറ്റി മാറ്റി എന്ത് എണ്ണ കിട്ടുമോ അത് തേയ്ക്കുന്നവരുണ്ട്. ഒരെണ്ണ പിടിച്ചുകഴിഞ്ഞാൽ ഇനി ഒരിക്കലും അത് മാറ്റില്ലെന്ന് വാശിപിടിക്കുന്നവരേയും കാണാം. എണ്ണ എന്നപേരിൽ യാതൊരുവിധ ഔഷധമൂല്യവുമില്ലാത്ത പലതും പരസ്യം കണ്ട് വശംവദരായി വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. മുടിയുടെ വളർച്ച കൂട്ടുന്നതിനും മുടി പൊട്ടുന്നത് ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും വേണ്ടി മാത്രമാണ് തലയിൽ എണ്ണ തേയ്ക്കുന്നത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. പ്രസവിച്ചു കിടക്കുന്ന സമയത്ത് തേയ്ക്കുന്ന എണ്ണ പിന്നെ എപ്പോൾ ഏതാവശ്യത്തിനു തേച്ചാലും ഗുണം കിട്ടും എന്ന് കരുതി ആ സമയത്ത് ഉരുക്ക് വെളിച്ചെണ്ണ തേയ്ക്കുന്നവരേയും കാണാം.

എണ്ണ കാച്ചുന്ന കുടുംബങ്ങളും പാരമ്പര്യം പറയുന്നവരും കണ്ടുപടിച്ചവരുമുണ്ട്. ഇതിൽ ചിലരോടെങ്കിലും എണ്ണയിൽ ചേർക്കുന്ന മരുന്നിന്റേയോ ദ്രവദ്രവ്യത്തിന്റേയോ എണ്ണയുടേയോ അളവോ എണ്ണ അരിക്കേണ്ട പാകമോ ചോദിച്ചാൽ കിട്ടുന്ന മറുപടികൾ വളരെ രസകരമാണ്. പലരും കിട്ടുന്ന മരുന്നുകളെടുത്ത് തോന്നുന്ന പോലെ എണ്ണയിൽ ചേർത്തങ്ങ് കാച്ചും. തിളച്ച എണ്ണയിലേക്ക് മരുന്നുകൾ ഓരോന്നായി പൊടിച്ചോ അരച്ചോ ചേർത്തിളക്കി പാകപ്പെടുത്തുന്നവർ പോലുമുണ്ട്. ശരിയായി മരുന്ന് നിർമ്മാണം വശമുള്ള ഒരാളിന് കൃത്യമായി ഏത് പാകത്തിലാണ് എണ്ണ അരിക്കേണ്ടതെന്ന് അറിയാം. അതറിയാനുള്ള വിദ്യകളുമുണ്ട്. എന്നാൽ അതൊന്നും നോക്കിയല്ല പലരും എണ്ണ കാച്ചുന്നത്.അതിനാൽതന്നെ എണ്ണയുടെ പ്രയോജനം ലഭിക്കുവാനിടയില്ല.

തലവേദനയ്ക്കോ ജലദോഷത്തിനോ നീരിറക്കത്തിനോ തലയിൽ തേയ്ക്കുന്ന എണ്ണ ഇതൊക്കെ മാറിയാലും തുടർച്ചയായി തേച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല. എന്നാൽ ടെൻഷനും ഉറക്കക്കുറവും പരിഹരിച്ച് രക്തസമ്മർദ്ദം കുറയ്ക്കുന്നതും തൈറോയ്ഡിന്റേയും പ്രമേഹത്തിന്റേയും നിയന്ത്രണത്തിനുവേണ്ടി ഉപയോഗിക്കുന്നതുമായ എണ്ണ കുറച്ചുനാൾ കൂടി തുടരേണ്ടിവന്നേക്കാം. ചിലരിൽ താരണം കാരണമുള്ള മുടികൊഴിച്ചിലാണെങ്കിൽ തലയോട്ടിയിലെ ത്വക്കിന്റെ രൂക്ഷത മാറിയാലുടൻ എണ്ണയും മാറ്റാം. “മാറ്റി തേച്ചാൽ എണ്ണ പിടിക്കുമോ?”എന്ന് സംശയമുള്ളവർ എണ്ണ ചൂടാക്കി തേക്കുക, തേച്ച ഉടനെ കുളിക്കുക, ക്രമേണ തേച്ചിട്ടിരിക്കുന്ന സമയം വർദ്ധിപ്പിക്കുക, കുളി കഴിഞ്ഞാലുടൻ രാസ്നാദി പൊടി തിരുമ്മുക തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്.

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനെന്നും പറഞ്ഞ് എണ്ണകാച്ചുന്നതിനായി ഉപയോഗിക്കുന്ന ഔഷധങ്ങൾ തലയ്ക്ക് ചൂട് കൂടുന്നവയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതുകാരണം ഉറക്കക്കുറവുണ്ടാകുന്നുണ്ടോ എന്ന് കൂടി അറിയണം. മണമുള്ളതും മുടികൾ തമ്മിൽ ഒട്ടിപ്പിടിക്കാത്തതും മുടിയ്ക്കു തിളക്കം തോന്നിക്കുന്നതുമായ എണ്ണ മതിയെന്ന് ശഠിക്കുന്നവർ ഔഷധഗുണമല്ല പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് കരുതണം. തലയിൽ തേച്ച എണ്ണ സോപ്പ് ഉപയോഗിച്ച് കഴുകികളയുവാൻ പാടില്ല. ആഴ്ചയിലൊരിക്കൽ ഷാംപൂ ഉപയോഗിക്കാം. എന്നാൽ ഷാംപൂ ഉപയോഗിക്കുന്ന ദിവസവും അതിന് മുമ്പ് തലയിൽ എണ്ണ തേയ്ക്കേണ്ടതാണ്.

ചില കഫരോഗങ്ങളുള്ളവർക്ക് എണ്ണതേപ്പ് ഗുണപ്പെടാറില്ല. എന്നാൽ അത്തരം രോഗാവസ്ഥയെ കുറയ്ക്കുന്ന ഔഷധങ്ങൾ ചേർത്ത് കാച്ചി ഉപയോഗിക്കുമ്പോൾ ആ എണ്ണ പ്രയോജനപ്പെടുകയും ചെയ്യും. അലർജി രോഗങ്ങൾ ഒഴിവാക്കുവാൻ കുട്ടികൾക്ക് തലയിൽ തേയക്കുന്ന എണ്ണയല്ല മുതിർന്ന ആൾക്കാരിൽ പ്രയോജനപ്പെടുന്നത്. തലയ്ക്ക് ക്ഷതമേറ്റതിന് ചിലപ്പോൾ പ്രായഭേദമന്യേ ഒരുപോലെ പ്രയോജനപ്പെടുന്ന എണ്ണയുമുണ്ട്. ഒരു രോഗവുമില്ലാത്തവർക്ക് വെളിച്ചെണ്ണ ചൂടാക്കി തണുത്തശേഷം തേച്ചാലും മതിയാകും.

ഏതായാലും തലയ്ക്ക് എണ്ണ തേയ്ക്കുന്നത് വളരെ ഗുണം ചെയ്യുന്നതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ചികിത്സാരീതിയാണ്. ദീർഘകാലഔഷധസേവ ഒഴിവാക്കുന്നതിനുപോലും തലയ്ക്ക് തേയ്ക്കുന്ന എണ്ണ കൊണ്ട് സാധിക്കുന്നു. എന്നാൽ ശരിയായ അറിവില്ലാതെ തലയ്ക്കെണ്ണ തെരഞ്ഞെടുത്താൽ അത് ഉപകാരപ്പെടുന്നതിന് പകരം ഉപദ്രവമായി മാറും. അതുകൊണ്ട് ഒരു ആയുർവേദചികിത്സകന്റെ നിർദ്ദേശം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.