പുതിയ വൈദ്യുത മീറ്റർ വരുന്നു; ഘടിപ്പിക്കേണ്ട സമയം പ്രഖ്യാപിച്ചു; അറിയേണ്ട കാര്യങ്ങൾ

Share

രാജ്യത്തെ വൈദ്യുതി മീറ്ററുകളിൽ വൻ മാറ്റം വരുത്തുന്നതിന് തീരുമാനം. പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാർട് മീറ്റർ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് മീറ്ററുകൾ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ഉള്ള പ്രദേശങ്ങളിലെ എല്ലാ ഉപഭോക്താക്കൾക്കും (കാർഷിക ഉപഭോക്താക്കൾ ഒഴികെ) സ്മാർട് മീറ്ററുകൾ ഉപയോഗിച്ച് വൈദ്യുതി നൽകുമെന്നാണ് വൈദ്യുതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ അറിയിക്കുന്നത്. 2023 ഡിസംബർ – 2025 മാർച്ച് കാലയളവിനുള്ളിൽ മീറ്ററുകൾ മാറ്റി സ്ഥാപിക്കൽ ജോലികൾ പൂർത്തിയാക്കണം. എല്ലാ സർക്കാർ ഓഫീസുകളും പ്രീപെയ്ഡ് സ്മാർട് വൈദ്യുതിയിലേക്ക് മാറാൻ കഴിഞ്ഞയാഴ്ച നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലുള്ള മീറ്ററുകളുടെ സ്ഥാനത്ത് ആധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകൾ െകാണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. മൊബൈലുകളിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുതി മീറ്ററുകളും ചാർജ് ചെയ്യുക. ആവശ്യത്തിന് തുക നേരത്തെ അടച്ച് ചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ വീണ്ടും റീചാർജ് ചെയ്യേണ്ടിവരും.

ഓരോ ദിവസത്തെയും ഉപയോഗത്തെക്കുറിച്ച് ഉപഭോക്താവിന് റിപ്പോർട്ട് നൽകാനും പുതിയ മീറ്ററിന് സാധിക്കും. ഇതിലൂടെ അനാവശ്യ വൈദ്യുതി ഉപയോഗങ്ങൾ കുറയ്ക്കാനും സാധിക്കും. വൈദ്യുതി ബില്ലുകൾ കൃത്യമായി കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളാണ് പുതിയ മീറ്ററുകൾ െകാണ്ടുവരാൻ കാരണം.