പിടിയിലൊതുങ്ങാതെ കോവിഡ് വ്യാപനം; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു

Share

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് തിരിഞ്ഞ് ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍. റായ്പൂര്‍, ഭോപ്പാല്‍, മുംബൈ അടക്കമുള്ള നഗരങ്ങളാണ് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവകാലം വരാനിരിക്കെ വാരാന്ത്യങ്ങളില്‍ ഉണ്ടാവുന് ആള്‍ക്കുട്ടം നിയന്ത്രിക്കാനായാണ് ഇ ചെറു ലോക്ഡൗണുകളാണെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. നവരാത്രി, ഉഗാദി, ഗുഡി പാട്വ, ബൈശാഖി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മുന്‍പുള്ള വാരാന്ത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഷോപ്പിംഗ് അടക്കമുള്ളവയ്ക്കായി പുറത്തിറങ്ങുമെന്ന് മുന്‍കൂട്ടികണ്ടാണ് നീക്കം.

നിരവധി മേഖലകളും മാര്‍ക്കെറ്റുകളും അടച്ചിടുന്നത് ആള്‍ക്കൂട്ടം കുറയ്ക്കുമെന്നും ഒരു പരിധിവരെ കൊവിഡ് വ്യാപനം കുറയ്ക്കുമെന്നാണ് നിരീക്ഷണം. പ്രാദേശിക തലങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാലങ്ങളിലെ കര്‍ഫ്യൂകളും മാര്‍ച്ച് മാസത്തോടെ തന്നെ രാജ്യത്ത് പലയിടത്തും പുനരാരംഭിച്ചിരുന്നു.

ദിവസം തോറുമുള്ള രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിതമായ വര്‍ധനവിനാണ് രാജ്യം സാക്ഷിയാവുന്നത്. മുംബൈ, പൂനം, നാഗ്പൂര്‍ എന്നിവയ്ക്കൊപ്പം മഹാരാഷ്ട്ര മുഴുവനും ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണിവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വര്‍ഷത്തില്‍ ആദ്യത്തെ വാരാന്ത്യ ലോക്ഡൗണാണ് മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സര്‍വ്വീസുകള്‍ക്ക് പുറമേയുള്ള മറ്റൊന്നും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പൂര്‍ കണ്ടെയ്ന്‍മെന്‍റ് സോണായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്പൂര്‍ അതിര്‍ത്തികള്‍ ഇന്ന് വൈകീട്ട് ആറുമണിയോടെ അടയ്ക്കും ഏപ്രില്‍ 19 ന് രാവിലെ ആറ് മണിവരെയാണ് ഇവിടെ ലോക്ഡൗണ്‍. കേന്ദ്ര, സംസ്ഥാന , അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അടയ്ക്കും.

മധ്യപ്രദേശില്‍ ഭോപ്പാല്‍ അടക്കമുള്ള നഗരങ്ങളില്‍ അറുപത് മണിക്കൂര്‍ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മിക്ക ജില്ലകളിലും ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇതിനോടകം പ്രാവര്‍ത്തികമായിട്ടുള്ളതാണ്.

ദില്ലി, നോയിഡ, ചണ്ഡിഗഡ്, അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, സുന്ദര്‍ഗര്‍, ബാര്‍ഗര്‍, ഝാര്‍സുഗുഡ, സാംബര്‍പൂര്‍, ബാലാന്‍ഗില്‍, നൗപാഡാ, കാലാഹന്ധി, മാല്‍ക്കന്‍ഗിരി, കോരാപുറ്റ്, നബാരംഗ്പൂര്‍, ജയ്പൂര്‍, ലഖ്നൗ,വാരണാസി, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ ഇതിനോടകം രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ് ബെംഗളുരു, മൈസുരു, മംഗളുരു, കലബുര്‍ഗി, ബിദര്‍, തുംകുറം, ഉഡുപ്പി, മഇപ്പാല്‍ എന്നിവിടങ്ങളിലും രാത്രി കര്‍ഫ്യു പ്രാബല്യത്തില്‍ വരും.