പാരമ്ബര്യ പദവി ആഗ്രഹിച്ച്‌ ജനവിധി തേടിയത് രണ്ടു ഡസന്‍.. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും…

Share

തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്ബോഴും മുന്‍ നിയമസഭാംഗങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്ബര്യ പദവി ആഗ്രഹിച്ച്‌ ജനവിധി തേടിയത്. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും പിന്‍തുടര്‍ച്ച അവകാശപ്പെട്ട് സ്ഥാനാര്‍ത്ഥികളായി.

കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ആയിരുന്നു പോരിനിറങ്ങിയ സഹോരങ്ങള്‍. നേമത്ത് മുരളിയും തൃശ്ശൂരില്‍ പത്മജയും തോറ്റപ്പോള്‍ അത് പുതിയ ചരിത്രമായി. ഒന്നിച്ച്‌ രണ്ടാം തവണയാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ മുരളി വട്ടിയൂര്‍ക്കാവില്‍ ജയിച്ചപ്പോള്‍ പത്മജ തൃശ്ശൂരില്‍ തോറ്റു.

സഹോദരങ്ങൾക്ക് സംഭവിച്ചതിന് സമാനമായ തോൽവിയാണ് ഇരു മുന്നണികളിലും സ്ഥാനാർഥികളായി മത്സരിച്ച അളിയൻമാർക്കും സംഭവിച്ചത്. കെ എം മാണിയുടെ മകൻ ജോസ് കെ മാണിയും, അദ്ദേഹത്തിൻറെ സഹോദരി ഭർത്താവ് എം പി ജോസഫും ആയിരുന്നു ഈ അളിയന്മാർ. പാലായില്‍ ഇടതു പക്ഷത്തിനു വേണ്ടിയാണ് കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി മത്സരിച്ചത്. മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയും.രണ്ടുപേരും കനത്ത പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഒന്നിച്ചു പോരിനിറങ്ങിയ പിണറായി വിജയന്‍ ധര്‍മ്മടത്തും മരുമകന്‍ മുഹമ്മദ് റിയാസ് ബേപ്പൂരിലും ജയിച്ച്‌ ചരിത്രത്തിലാദ്യമായി സഭയിലെത്തുന്ന അമ്മായി അച്ഛനും മരുമകനും ആയി. പിണറായി ആറാം തവണ സഭയിലെത്തുമ്ബോള്‍ റിയാസിന്റേത് കന്നി ജയം. ജനവിധി തേടിയ മുന്‍ നിയമസഭ അംഗങ്ങളായിരുന്നവരുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ ജയിച്ചു, ഒരാള്‍ തോറ്റു. കോവളത്ത് ജമീല പ്രകാശത്തിന്റെ ഭര്‍ത്താവ് നീലലോഹിത ദാസന്‍ നാടാര്‍ തോറ്റപ്പോള്‍ നെടുമങ്ങാട് മുന്‍ ചടയമംഗലം എംഎല്‍എ ആര്‍ സതീദേവിയുടെ ഭര്‍ത്താവ് ജി ആര്‍ അനില്‍ ജയിച്ചു. മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവന്റെ ഭാര്യ ബിന്ദു ബന്ധു ബലത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ജയം കണ്ടു. കുട്ടനാട്ടില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. ചാണ്ടിയും ജയം കണ്ടു.

സിഎച്ച്‌ മുഹമ്മദ് കോയയുടെ മകന്‍ എംകെ മുനീര്‍ (കൊടുവള്ളി), സീതി ഹാജിയുടെ മകന്‍ പികെ ബഷീര്‍ (ഏറനാട്), ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് ( പിറവം) കെ നാരായണക്കുറുപ്പിന്റെ മകന്‍ എന്‍ ജയരാജ് (കാഞ്ഞിരപ്പളളി), പിആര്‍ കുറുപ്പിന്റെ മകന്‍ കെപി മോഹനന്‍ (കൂത്തുപറമ്ബ്), വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത്ത് വിജയന്‍ (ചവറ), ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കെ ബി ഗണേഷ്‌കുമാര്‍ (പത്തനാപുരം),പികെ ശ്രീനിവാസന്റെ മകന്‍ പിഎസ് സുപാല്‍ (പുനലൂര്‍),ഇ പത്മനാഭന്റെ മകന്‍ സിപി പ്രമോദ് (ശ്രീകൃഷ്ണപുരം), വികെ രാജന്റെ മകന്‍ വിആര്‍ സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍) എന്നിവരാണ് ജയിച്ച മക്കള്‍.

കെ മുരളീധരന്‍, പത്മജ വേണുഗോപാല്‍, ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം എംപി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാര്‍ (കല്‍പറ്റ), ജി കാര്‍ത്തിയേകയന്റെ മകന്‍ കെ. എസ് ശബരീനാഥന്‍(അരുവിക്കര),ബേബി ജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍(ചവറ), ടി. കെ ദിവാകരന്റെ മകന്‍ മന്ത്രിബാബു ദിവാകരന്‍ (ഇരവിപുരം), വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂര്‍ (കളമശ്ശേരി), കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതന്‍( ചിറ്റൂര്‍), എന്നിവരും തോല്‍വിയടഞ്ഞ മക്കളായി. ആലത്തൂരില്‍ രണ്ടാം തവണ ജയിച്ച കെഡി പ്രസേനന്‍ ഇതേ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ആര്‍ കൃഷ്ണന്റെ കൊച്ചുമകനാണ്.