മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയിൽ

Share

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വളയത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

എന്നാൽ മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി.

എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ പാർട്ടിയും മുന്നണിയും പിന്നിൽ തന്നെ നിൽക്കും. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.