പനിക്കാലം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

Share

പനിക്കാലം

ജൂൺ മുതൽ ഏകദേശം മൂന്നര മാസംവരെ പനിക്കാലമാണ്. ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നതാണ് കാരണം.
ജൂൺ മാസം വരെയുള്ള വെയിൽ മാറി കാലവർഷം തുടങ്ങുമ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകും എലിയും വൈറസുകളും കൂടുതൽ കരുത്ത് നേടുകയാണ് ചെയ്യുന്നത്. വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്തുവാൻ അനുകൂലമായ സാഹചര്യമാണ് ഇക്കാലത്തുള്ളത്. കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുവാനുതകുന്ന ഭക്ഷണവും ശീലവും നല്ലതാക്കിയാൽ പകർച്ചവ്യാധികളെ തടയുന്നതിന് സാധിക്കും.

രോഗം വന്നാൽ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ.

ഇപ്പോൾ പകർച്ചവ്യാധികളുടെ കാലമാണെന്ന് പറയാം. വൈറൽ ഫീവർ, കോവിഡ്, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് – എ എന്നിവയൊക്കെ പകരാം.

എല്ലാ പകർച്ചവ്യാധികളുടേയും പൊതുവായ ലക്ഷണം പനിയാണ്. വ്യക്തിശുചിത്വം മാത്രം പാലിച്ച് പകർച്ചവ്യാധികളെ തടയാനാവില്ല. പരിസരശുചിത്വവും ആഹാര ശുചിത്വവും ആചാര ശുചിത്വവും പാലിക്കണം.

വൈറൽ ഫിവറും പന്നിപ്പനിയും ചെങ്കണ്ണും വായുവിലൂടെ പകരുന്നതും, വയറിളക്കവും മഞ്ഞപ്പിത്തവും വെള്ളത്തിലൂടെയും, ജന്തുജന്യമായി ചെള്ളുപനിയും എലിപ്പനിയും വിരശല്യവും, കൊതുകുകൾ കാരണം ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന ജപ്പാൻ പനിയും പകരുന്നു.

കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഒരു വൈറൽ ഫീവർ എങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും. അലർജി കാരണമുള്ള തുമ്മൽ, ശ്വാസംമുട്ട്, സൈനസൈറ്റിസ് എന്നിവയും ഇതോടൊപ്പം വർദ്ധിക്കാം.

പകർച്ചവ്യാധികളായ ഏതുതരം പനി പിടിപെട്ടാലും പൂർണ്ണവിശ്രമം വേണം. നിർബന്ധമായും യാത്രകളും കൂട്ടംകൂടി നിൽക്കലും ഒഴിവാക്കണം. ഹസ്തദാനം നൽകുവാനോ മുഖം മറയ്ക്കാതെ തുമ്മുവാനോ പാടില്ല. ചില പ്രധാന കാര്യങ്ങളിൽ നിന്നും മാറി നിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയുക. വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവർ സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികൾ പ്രത്യേക മുറിയിൽ താമസിക്കണം. ആശുപത്രികളേക്കാൾ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നതാണ് നല്ലത്.
രോഗികൾ ഉപയോഗിച്ച വസ്ത്രം, പാത്രം, റിമോട്ട് കൺട്രോൾ, കമ്പ്യൂട്ടർ, മൊബൈൽ ,പേനകൾ എന്നിവ അണുനാശക വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുള്ളവർ ഉപയോഗിക്കാവൂ.

ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളല്ല. രോഗബാധയുള്ളവരെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. അതും ഒരു കടി തന്നെ ധാരാളം. ആയതിനാൽ രോഗമുള്ളവർ നിർബന്ധമായും കൊതുക് വല ഉപയോഗിക്കണം.


പെൺവർഗത്തിൽപെട്ട ഈഡിസ് ഈജിപ്റ്റി വിഭാഗത്തിലെ കൊതുകുകളാണ് ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പരത്തുന്നത്. പകൽസമയത്ത് മങ്ങിയ വെളിച്ചത്തിലാണ് ഇവ കടിക്കുന്നത്. ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുക് കടി ഏൽക്കാതിരിക്കാൻ നല്ലത്.
ഓട വൃത്തിയാക്കുകയോ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെ
എലിപ്പനിയുടെ രോഗാണുക്കൾ പകരാവുന്നതാണ്.
എലിയുടെ മൂത്രം വീണ ആഹാരമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.

അന്യസംസ്ഥാന തൊഴിലാളികളുടെ ആഭ്യന്തര യാത്രകൾ മലേറിയ വർദ്ധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും.

കെട്ടിനിൽക്കുന്ന ശുദ്ധജലം കൊതുകുകൾ വർദ്ധിക്കുന്നതിന് ഇടയാകുന്നു. അതുപോലെ കെട്ടിനിൽക്കുന്ന മലിനജലത്തിൽ ഇറങ്ങിയാൽ എലിപ്പനി ബാധിക്കുന്നതിനും കാരണമാകും.

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ ഒന്നര ലക്ഷം മുതൽ നാലു ലക്ഷം വരെ സാധാരണ കാണുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വെറും ഇരുപതിനായിരത്തിലേക്ക് താഴുന്നത് അപകടം ക്ഷണിച്ചുവരുത്തും. ആശുപത്രി വാസവും ആവശ്യമായിവരും.മിക്ക പകർച്ചവ്യാധികളും ശരിയായി ചികിത്സിച്ചുമാറ്റാതെ തുടർന്ന്നിന്നാൽ ഹൃദയം, ശ്വാസകോശം ,തലച്ചോറ്, വൃക്ക തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും.

പകർച്ചപ്പനി വന്നാൽ എന്ത് ചെയ്യണം

പകർച്ചപ്പനിയുടെ ലക്ഷണമാണെന്ന് തോന്നുന്ന എന്ത് ബുദ്ധിമുട്ടുണ്ടായാലും കോവിഡ് പോസിറ്റീവ് ആണോ എന്ന് പരിശോധിച്ചു നോക്കേണ്ടത് അനിവാര്യമാണ്. ഏത് രോഗമാണെന്നറിഞ്ഞ് തന്നെ ചികിത്സ നിശ്ചയിക്കണം.

പനി വന്നാൽ പൂർണ്ണ വിശ്രമം അനിവാര്യം.
12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
കുടിക്കാനുള്ള വെള്ളം ചുക്ക്, തുളസിയില, മല്ലി എന്നിവ ഇട്ട് 5 മിനിറ്റ് എങ്കിലും വെട്ടി തിളപ്പിക്കണം.
വെള്ളം തിളപ്പിച്ച് കുടിക്കുവാൻ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി ഷഡംഗ ചൂർണ്ണം ലഭ്യമാണ്.


എളുപ്പം ദഹിക്കുന്നതും പോഷകം ഉള്ളതുമായ ആഹാരം ശീലിക്കണം.
പൊടിയരി കഞ്ഞിയും ചെറുപയറും ഉത്തമം.
ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലത്.
പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത്. ഇവ നന്നായി കഴുകി ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.
ദഹിക്കാൻ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരത്തിന് പ്രാധാന്യം നൽകണം.
വയറിളക്കം കൂടി ഉള്ളപ്പോൾ 50 ഗ്രാം മലര് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.


ഔഷധക്കാപ്പി കുടിക്കുന്നത് തുടക്കത്തിലുള്ള ഏതുതരം പനിയും ശമിപ്പിക്കുന്നതിന് നല്ലത്.
തുളസിയില, പനികൂർക്കയില, ചുക്ക്, കുരുമുളക്, കരിപ്പട്ടി എന്നിവയാണ് പൊതുവിൽ കാപ്പി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പകർച്ചവ്യാധികളെ ഒഴിവാക്കുവാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാവുന്ന വിധത്തിൽ ആഹാരങ്ങളും ശീലങ്ങളും ക്രമീകരിക്കണം.
പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക.
സ്വയം ചികിത്സ ഒഴിവാക്കുക.

മറ്റുള്ളവ

ചുവരുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക.
തുണികൾ നന്നായി ഉണക്കി ഉപയോഗിക്കുക.
തണുപ്പേൽക്കാത്ത വിധമുള്ള വസ്ത്രധാരണം നിർബന്ധം. രാത്രിയിൽ പ്രത്യേകിച്ചും.
എയർകണ്ടീഷൻ, ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
തണുത്തകാറ്റ് എൽക്കുന്ന വിധമുള്ള യാത്രകൾ ഒഴിവാക്കണം.
കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നല്ലത്. കുടിക്കുവാൻ ശുദ്ധജലം ഉറപ്പാക്കുക.
പകലുറക്കം നല്ലതല്ല.
കൈകാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്ജ്യം കലരാൻ സാദ്ധ്യതയുള്ള വെള്ളം തൊടരുത്.


കുറുക്കൻ,വളർത്ത് മൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകും.
മുൻകരുതലുകൾ സ്വീകരിക്കാതെ ചാലുകളിൽ ഇറങ്ങി ജോലി ചെയ്യരുത്.
വളർത്തുമൃഗങ്ങളെയും വീട്ടിൽ വളർത്തുന്നവയായാലും പട്ടി ,പൂച്ച എന്നിവയെയും അകറ്റി നിർത്തണം.
കൊതുകുകളുടെ പ്രജനനം തടയുവാൻ കൂട്ടായ പരിശ്രമം നടത്തണം.
രാമച്ചം, പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻ വെള്ളമോ മഴക്കാലത്ത് കുടിക്കാൻ നല്ലതല്ല.
തണുപ്പിച്ചവയും ഒഴിവാക്കണം.
ജീരകം, ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കുവാൻ ഉപയോഗിക്കണം.
തേനും,ചുക്കുകാപ്പിയും നല്ലത്.