ഡെൽറ്റയെ തുരത്താൻ ഇവൻ തന്നെ ധാരാളം; നമ്മുടെ വാക്സിൻ ചില്ലറക്കാരനല്ല, കണക്ക് നിരത്തി ​ഐസിഎംആർ

Share

ഇന്ത്യയിൽ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷവും കൊവിഡ് പോസിറ്റീവ് ആയവരിൽ ഭൂരിഭാ​ഗം പേരെയും ബാധിച്ചത് കൊവിഡ് ഡെൽറ്റ വകഭേദമെന്ന് കണ്ടെത്തൽ. ഐ.സി.എം.ആർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

വാക്സിനേഷനു ശേഷമുളള കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആദ്യ വിശകലനമാണ് ഐ.സി.എം.ആറിന്റേതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന കണ്ടെത്തലും പഠനത്തിൽ ഉണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെക്കുറവാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു.

കുത്തിവയ്പ്പെടുത്തവരിൽ വെറും 0.4 ശതമാനമാണ് മരണനിരക്ക്. 677 പേരെ പഠന വിധേയമാക്കിയതിൽ നിന്നുമാണ് ഐ.സി.എം.ആർ ഇത്തരം ഒരു നിഗമനത്തിൽ എത്തിചേർന്നത്.പഠന വിധേയമാക്കിയവരിൽ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% പേര്‍ക്കാണ്.

എന്നാൽ ഇവരിൽ 6.8% (67) പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 71% (482) കേസുകളില്‍ ഒന്നോ അതില്‍ അധികമോ ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം 29 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

പനി (69%) യാണ് കൂടുതല്‍ പേരിലും പ്രത്യക്ഷപ്പെട്ട ലക്ഷണം. ശരീരവേദന, തലവേദന, ഛര്‍ദ്ദി (56%), ചുമ (45%), തൊണ്ടവേദന(37%), മണവും രുചിയും നഷ്ടമാകല്‍(22%), വയറിളക്കം (6%), ശ്വാസംമുട്ടല്‍ (6%), കണ്ണിന് അസ്വസ്ഥത (1%) തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരും ഉണ്ട്.

677 പേരിൽ 71 പേർ കൊവാക്സിനും 604 പേർ കൊവിഷീൽഡുമാണ് സ്വീകരിച്ചത്. കൂട്ടത്തിൽ രണ്ടുപേർ ചെെനീസ് വാക്സിനായ സിനോഫാമും സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചവരിൽ രോ​ഗബാധയെ തുടർന്ന് മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക്, മദ്ധ്യഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും ഉളളവരെയാണ് പഠനവിധേയമാക്കിയത്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, അസം, ജമ്മു കാശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.