ചിലതൊക്കെ കഴിച്ചുകൂടെന്ന് പറയുമ്പോൾ.. കഴിക്കാവുന്നതാണ് പലതും!!

Share

ചിലതൊക്കെ കഴിച്ചുകൂടെന്ന് പറയുമ്പോൾ ഒരിക്കലും കഴിച്ചുകൂടെന്ന് മനസ്സിലാക്കുന്ന ചിലരുണ്ട്. അങ്ങനെ ഒരിക്കലും കഴിച്ചുകൂടാത്തവയുടെ ലിസ്റ്റിൽപെടുന്ന ആഹാരസാധനങ്ങൾ വളരെ കുറവാണ്. രോഗാവസ്ഥയ്ക്കും കഴിക്കുന്ന മരുന്നുകൾക്കും കാലാവസ്ഥയ്ക്കുമനുസരിച്ച് ചിലത് ചിലപ്പോൾ ഒഴിവാക്കേണ്ടി വരാറുണ്ട് എന്നതാണ് സത്യം. അല്ലാത്തപ്പോൾ അവയെല്ലാം ഉപയോഗിക്കുകയും ചെയ്യാം. എല്ലാ ആഹാര പദാർഥങ്ങളും എല്ലാർക്കും ഉപയോഗിക്കാവുന്നതാണോ എന്ന് ചോദിക്കുന്നവരോട് “ചിലർക്ക് ചിലതെല്ലാം ചിലകാലമൊത്തിടും” എന്ന് പറയുവാനാണ് തോന്നുന്നത്.

ചില രോഗാവസ്ഥകളിലും മരുന്നിന്റെ പഥ്യത്തിനുമനുസരിച്ച് കഴിക്കാവുന്നവയുടെ ലിസ്റ്റ് കാണുന്നവർ അന്നുവരെ കഴിച്ചിരുന്ന ചിലത് ഒഴിവാക്കണമെന്ന്കൂടി കേൾക്കുമ്പോൾ വളരെ വിഷമത്തോടെയും ദേഷ്യത്തോടെയും ഡോക്ടറെ നോക്കി ഇരിക്കാറുണ്ട്. അത് പരിഹരിക്കാനായി ഏതൊക്കെ രോഗാവസ്ഥകളിൽ എന്തൊക്കെ കഴിക്കാം എന്നുപറയുന്നത് കൂടുതൽ ഇഷ്ടപ്പെടുവാൻ സാദ്ധ്യതയുണ്ടല്ലോ? അപ്പോഴും മനസ്സിലാക്കേണ്ടത് ഈ പറയുന്ന അവസ്ഥകളിൽ അവ ഗുണപ്പെടുമെന്ന് കരുതി മറ്റ് അസുഖങ്ങൾ ഉണ്ടാകില്ലെന്നോ അത്രമാത്രം സുരക്ഷിതമാണെന്നോ ആരും കരുതരുത് എന്നാണ്.

ആഹാരം കഴിക്കുന്നതിന് രുചി തോന്നാത്തവർക്ക് പ്രത്യേകിച്ചും ധാന്യാഹാരം കഴിക്കണമെന്ന് തോന്നുമ്പോൾ അതിനൊപ്പം തൈര് ചേർത്ത് കഴിക്കാവുന്നതാണ്.
നെഞ്ചെരിച്ചിൽ ഉള്ളവർക്ക് മധുരമുള്ള ചെറിയ വാഴപ്പഴങ്ങൾ കഴിക്കാം.
മലശോധന ലഭിക്കുന്നതിന് നാരുകൾ ധാരാളമടങ്ങിയ ധാന്യങ്ങളോ പഴമോ ഇലക്കറിയോ കഴിക്കണം. ജലദോഷത്തിന് ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കുകയോ ചിക്കൻ സൂപ്പ് ചൂടോടെ കുടിക്കുകയോ ചെയ്യാം. ശരീരബലവും വണ്ണവും കുറഞ്ഞവർ മാംസാഹാരം കഴിക്കണം.
തലവേദന ഉള്ളവർ ധാരാളം വെള്ളം കുടിക്കണം.
അർശസ്സും ദഹനക്കുറവുമുള്ളവർ മോര്,മോരുകറി, ചുവന്നുള്ളി തുടങ്ങിയവ ഉപയോഗിക്കണം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പുളിയുള്ള പഴങ്ങൾ അഥവാ സിട്രസ് ഫ്രൂട്ട്സ് ആഹാരത്തിന്റെ ഭാഗമാക്കണം. ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നതിന് അവക്കാഡോ എന്ന ഫ്രൂട്ട് അഥവാ ബട്ടർഫ്രൂട്ട് നല്ലതാണ്. അസ്ഥിതേയ്മാനം കുറയ്ക്കുന്നതിന് ഉപയോഗപ്പെടുന്ന ഒമേഗാ 3 ഫാറ്റി ആസിഡ്, ഫ്ലാക്സ് സീഡിൽ (ചണവിത്ത്) ധാരാളം അടങ്ങിയിട്ടുണ്ട്. ചണവിത്ത്, പാൽക്കട്ടി എന്നിവ ഉപയോഗിക്കുന്നവർക്ക് കാൽസ്യത്തിന്റെ കുറവുണ്ടാകില്ല. ആവശ്യത്തിന് നെയ്യ് ഉപയോഗിക്കുന്നവർക്ക് ഓർമ്മശക്തി വർദ്ധിക്കും. പടവലങ്ങയും ഉണക്ക കറുത്ത മുന്തിരിയും ഉപയോഗിക്കുന്നവരുടെ ഹൃദയാരോഗ്യം വർദ്ധിക്കും.
ചുക്ക് വെള്ളം കുടിക്കുന്നത് വേദനയെ കുറയ്ക്കും.
മാതളത്തോട്, ചുക്ക്, ഗ്രാമ്പു എന്നിവ തിളപ്പിച്ചാറ്റി കുടിച്ചാൽ വയറിളക്കം കുറയും. മലർ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം ചർദ്ദി ഉള്ളവർക്ക് നല്ലത്.
മാതളം കഴിക്കുന്നത് പ്രോസ്ട്രേറ്റ് രോഗത്തിനും വയറിളക്കം നിർത്തുന്നതിനും നല്ലത്. മലശോധന വർദ്ധിപ്പിക്കുവാൻ വാഴക്കൂമ്പ്, മുരിങ്ങയിലത്തോരൻ, പാൽ,പപ്പായ എന്നിവ നല്ലതാണ്.
മലശോധന കുറയ്ക്കുന്നതിന് തേൻ നല്ലത്.
ശരീരബലം വർദ്ധിപ്പിക്കുന്നതിന് പച്ചത്തക്കാളി കറിവെച്ചതും മുട്ടയും കഴിക്കണം.
ശ്വാസവൈഷമ്യമുള്ളവർക്ക് ചുക്ക്കാപ്പിയോ തുളസിയിലയിട്ട കാപ്പിയോ കുടിക്കണം.
സന്ധികളിലെ നീര് കുറയുന്നതിന് തഴുതാമ തോരൻ വെച്ച് കഴിക്കണം. രക്തസമ്മർദ്ദം കുറയുവാൻ മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കിടക്കുന്നതിനുമുമ്പ് തിളപ്പിച്ചാറ്റിയ എരുമപ്പാൽ കുടിക്കണം.
വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം.
വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റി കുടിക്കുകയോ വേകിച്ച് കഴിക്കുകയോ ചെയ്യാം.
ചുമയുള്ളവർക്ക് ചുണ്ടയ്ക്ക തോരൻ വെച്ചു കഴിക്കാം.
മൂത്രരോഗങ്ങളും വെള്ളപോക്കും ശമിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ട് വച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം. മൂത്രചൂട് കുറയുന്നതിന് വാഴപ്പിണ്ടിനീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്ക്കുന്നതിന് കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കണം.
ഉന്മേഷം ഉണ്ടാകുന്നതിന് ചായയോ കാപ്പിയോ കുടിക്കാം.
അലർജി രോഗങ്ങൾ കുറയുന്നതിന് മഞ്ഞളിന്റെ ഉപയോഗം വർദ്ധിപ്പിക്കണം.
പെട്ടെന്ന് വാർദ്ധക്യം ബാധിക്കാതിരിക്കാൻ നെല്ലിക്ക കഴിക്കണം. ധാന്യപ്പൊടികൊണ്ടുണ്ടാക്കുന്ന പുട്ടും അവലോസുപൊടിയും എളുപ്പത്തിൽ ദഹിക്കുന്നതിന് ചൂടുവെള്ളം കുടിക്കണം. മാംസാഹാരം കഴിക്കുമ്പോൾ ഉള്ള ദോഷം കുറയ്ക്കുന്നതിന് പച്ചക്കറികൾ കൂടി സാലഡായി ഉൾപ്പെടുത്തണം .
ആഹാരം കഴിച്ചാലുടൻ ദഹനം ത്വരിതപ്പെടുത്തുന്നതിന് പെരുംജീരകം ചവച്ചു നീരിറക്കണം.
ശരീരം തടി വയ്ക്കുന്നതിന് ഈത്തപ്പഴം, ഏത്തപ്പഴം പായസം, ഉഴുന്ന് തുടങ്ങിയവ ഉൾപ്പെടുത്തണം. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ഫിഗ് അഥവാ അത്തിപ്പഴം കഴിക്കണം.
തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നവരുടെ ദേഹത്ത് ചൂട് വർദ്ധിപ്പിക്കുന്നതിന് കാഷ്യൂനട്ട് കഴിക്കണം. ചൂട് കൂടുതലുള്ള ദേഹം തണുപ്പിക്കുന്നതിന് ശതാവരിക്കിഴങ്ങ് പാലിൽ കാച്ചി കുടിക്കാം. തൈറോയ്ഡ് രോഗമുള്ളവർ കടൽ വിഭവങ്ങൾ കൂടുതലായി കഴിക്കണം.
അസ്ഥികൾക്ക് ബലം ലഭിക്കണമെങ്കിൽ ചെറിയ മീൻ കറിവെച്ചത് മുള്ളോടെ കഴിക്കണം. രക്തസമ്മർദ്ദമുള്ളവർ കറിയുപ്പിനു പകരം ഇന്തുപ്പ് കഴിക്കണം. സ്ത്രൈണ ഹോർമോൺ കുറവുള്ളവർ സോയാബീൻ കഴിക്കണം.

ഇവിടെ പറഞ്ഞതുപോലുള്ള ഓരോ ആഹാരവസ്തുക്കളും മരുന്നുപോലെതന്നെ ഉപകാരപ്പെടുന്നവയാണ്. ഇതുപോലെയുള്ള നിരവധി അവസ്ഥകൾക്ക് യോജിക്കുന്ന ആഹാരവസ്തുക്കൾ ഇനിയുമേറെ പറയുവാനുമുണ്ട്. അതുകൂടി മനസ്സിലാക്കി ഉപയോഗിക്കുന്ന ഒരാളിന് ‘മരുന്ന് ചികിത്സ’ കുറയ്ക്കുവാൻ സാധിക്കും. മരുന്നുകൊണ്ട് മാത്രമല്ല ചികിത്സ എന്ന് പൊതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുംവിധമുള്ള ആയുർവേദ ചികിത്സയുടെ ഭാഗമായി ഇത്തരം ചികിത്സകളും നമ്മുടെ നിത്യജീവിതത്തിൽ ഇടം പിടിക്കേണ്ടതാണ്.