കൊവിഡ് കാല തമാശ?; ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന്..!

Share

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന ഡല്‍ഹി ഹൈക്കോടതി പരാമർശത്തെ പരിഹസിച്ചു മാധ്യമപ്രവർത്തകൻ.

കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതി ‘ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് ‘ പറഞ്ഞത്. ഇതിനെതിരെയാണ് സമൂഹമാധ്യമത്തിൽ റജികുമാർ പോസ്റ്റ് പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം….

കൊവിഡ് കാലത്ത് ഒരുവശത്ത് സർവത്ര തമാശകളാണ്. ഡൽഹി ഹൈക്കോടതിയൊക്കെ എന്തൊരു തമാശയാണ്..! ചിരിച്ചു മടുക്കും..!
ദേ, പുതിയത്:
ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന്..!

തൂക്കിലിടാനുള്ള അധികാരം വിചാരണ നടത്തുന്ന മജിസ്ട്രേറ്റ് കോടതികൾക്കു മാത്രമേയുള്ളൂ എന്ന് അറിയാതെയാണോ ഹൈക്കോടതി ജഡ്ജിമാർ ഈ ഗീർവാണമടിക്കുന്നത്? അതോ മാധ്യമങ്ങളിൽ വാർത്ത വരുത്താനോ?
തൂക്കിലേറാൻ വിധിക്കപ്പെട്ടവന്‍റെ ശിക്ഷ ശരിവയ്ക്കാനോ, തൂക്കുശിക്ഷ ഒഴിവാക്കാനോ മാത്രമേ ഹൈക്കോടതിക്കും സുപ്രീം കോടതിക്കും രാഷ്ട്രപതിക്കും അധികാരമുള്ളൂ. ഹൈക്കോടതി നേരിട്ട് തൂക്കിലിട്ട ഒരൊറ്റ കേസ് കാണിച്ചുതരാമോ..?!

ചുമ്മാ വന്നിരുന്ന് കേസു കെട്ട് എടുത്തുവച്ച് വായിൽ തോന്നുന്നതു തള്ളുന്നത് ഏതു നിയമപുസ്തകത്തിന്‍റെ അടിസ്ഥാനത്തിലാണാവോ? മൊത്തം ജഗപൊകയ്ക്കിടയിൽ കിടക്കട്ടെ എന്‍റെ വകയായി ഒരു തള്ളും എന്നാവാം.
ചുമ്മാതല്ല, ഹൈക്കോടതികളിലെ ഈ കേസെല്ലാം കൂടി സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് അവിടത്തെ വിവരവും വെളിവുമുള്ള ജഡ്ജിമാർ കഴിഞ്ഞദിവസം പറഞ്ഞത്.
ഇനി, ഇത്രയും എഴുതിയതിന് എന്നെയങ്ങ് തൂക്കിക്കൊന്നുകളയുമോ, എന്തോ?!