കേന്ദ്രമന്ത്രിയോട് സംസ്ഥാന സർക്കാരിന് അവഗണന; വി. മുരളീധരന് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല

Share

തിരുവനന്തപുരം: കേരളത്തിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് എസ്‌കോർട്ടും പൈലറ്റ് വാഹനവും സംസ്ഥാന സർക്കാർ ഒഴിവാക്കിയെന്ന പരാതിയുമായി ബിജെപി. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാനെ വാഹനത്തിൽ നിന്നും വഴിയിൽ ഇറക്കിവിട്ടു. ഗൺമാൻ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികിൽ ഇറക്കിവിട്ടത്.

വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരൻ. എന്നാൽ കേരളത്തിലെത്തിയപ്പോൾ സംസ്ഥാന സർക്കാർ സാധാരണഗതിയിൽ മുരളീധരന് നൽകി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോർട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്‌കോർട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്‌കോർട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബിജെപി. ആരോപിക്കുന്നത്.

സർക്കാരിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന സർക്കാർ അനുവദിച്ച ഗൺമാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിൽവച്ചാണ് ഗൺമാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികിൽ ഇറക്കിവിട്ടത്. പൈലറ്റും എസ്‌കോർട്ടും ഒഴിവാക്കിയ സാഹചര്യത്തിൽ സർക്കാർ നൽകിയ ഗൺമാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.

മുട്ടിൽ മരം മുറിക്കേസിലടക്കം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് എത്തിയിരുന്നു. ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാണിക്കപ്പെടുമെന്ന പേടികൊണ്ടാണെന്ന് വിമർശിച്ചിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത് പേടികൊണ്ടാണെന്നും വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.