കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത് വിജിലൻസ്

Share

കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പൊലീസ് സംഘം എത്തിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.

കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഇന്നലെയാണ് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കെ എം ഷാജി എംഎൽഎക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ.

2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ.