കൃഷിഭവനുകളെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

Share

സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. ജില്ല, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശൂർ രാമനിലയത്തിൽ ജില്ലയിലെ മുതിർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും.
 പേര് പോലെ കർഷകർക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകൾ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിർത്താൻ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
കർഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളിൽ കർഷകർക്ക് മുൻനിരയിൽ തന്നെ ഇരിപ്പിടം അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അർഹിക്കുന്ന സ്ഥാനം സമൂഹം അവർക്കു നൽകേണ്ടതിനാലാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കർഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളർച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കർഷകർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.
നെല്ലുത്പ്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തിന് അത് വേഗത്തിൽ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങൾ തെളിവാണ്. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉത്പ്പാദനത്തിന്റെ കാര്യത്തിൽ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ കേരള സീഡ് ഡെവലപ്മെന്റ് അതോറിറ്റി അഡീഷണൽ ഡയറക്ടർ ഉമ്മൻ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി വി ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, ഫാം ഓഫീസർമാർ, കൃഷി അനുബന്ധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.