കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥിയുടെ പോസ്റ്ററുകളിൽ പലതും ഉപയോഗിച്ചില്ല; ആക്രിക്കടയിൽ തൂക്കിവിറ്റത് വീണയുടെ 4000 പോസ്റ്ററുകൾ

Share

തിരുവനന്തപുരം: ഒരെണ്ണ‍ത്തിന് 10 രൂപ ചെലവിൽ അച്ചടിച്ച മൾട്ടി കളർ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക് നന്തൻകോട്ടെ ആക്രി‍ക്കടയിൽ കോൺഗ്രസ് കുറവ‍ൻകോണം മണ്ഡലം ട്രഷറർ വി.ബാലു വിറ്റത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥി വീണ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ച പോസ്റ്ററുകളാണ്, ബാലു ആക്രി‍ക്കടയിൽ വിറ്റത്.

വെള്ളക്കടലാസിൽ പൊതിഞ്ഞ 4 കെട്ടുക‍ളുമായി ബാലു കടയിലെ‍ത്തുകയും കടലാ‍സാണെന്ന് പറഞ്ഞതായും ആക്രി‍ക്കട ഉടമ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠൻ പറഞ്ഞു. പൊട്ടി‍ക്കാത്ത നിലയിലായിരുന്നു കെട്ടുകളെല്ലാം.

ആകെ 51 കിലോ‍യുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോൾ തന്നെ ബാലുവിന് നൽകി– മണികണ്ഠൻ അറിയിച്ചു. പണം മടക്കി നൽകിയാൽ മുഴുവൻ പോസ്റ്ററുകളും തിരിച്ചു നൽകുമെന്നും മണികണ്ഠൻ പറഞ്ഞു.

പേരൂർക്കടയിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നു 14 കെട്ട് പോസ്റ്ററുകളാണ് കുറവ‍ൻകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം അലങ്ക‍രിക്കാനും പതിക്കാ‍നുമായി അനുവദിച്ചത്. ഒരു കെട്ടിൽ 100 –120 പോസ്റ്ററു‍കളാണുണ്ടായിരുന്നത്.

4 അടി നീളവും 2 അടി വീതിയുമുള്ള ഒരു പോസ്റ്റർ അച്ചടിക്കുന്ന‍തിന് 10 രൂപയാണ് ചെലവ്. പോസ്റ്ററുകളിൽ ഭൂരിഭാഗവും അലങ്കരിക്കാനോ, ചുവരിൽ പതിക്കാനോ ഉപയോഗിച്ചിരുന്നില്ല.

14 കെട്ടുകളു‍ള്ളതിൽ, 6 കെട്ടുകൾ നന്തൻകോട് വാർഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതിൽ 2 കെട്ട് ദേവസ്വം ബോർഡ് ജ‍ംക്‌ഷൻ ഭാഗത്തേക്കും ബാക്കിയുള്ള 4 കെട്ട് വി.ബാലുവിനും നൽകി.

പോളിങ് ബൂത്തിലേക്കുള്ള വഴിയിൽ, അന്നേ ദിവസം രാത്രി തന്നെ പോസ്റ്റർ അലങ്ക‍രിക്കാനാണ് ബാലുവിന് ലഭിച്ച നിർദേശം. എന്നാൽ ഇവയിൽ 100–150 പോസ്റ്ററുകൾ മാത്രമാണ് ഇയാൾ ഉപയോഗിച്ച‍തെന്നും ബാക്കിയുള്ളത് സ്വന്തം വീട്ടിൽ സൂക്ഷിച്ച‍തായും പരാതിയുണ്ട്.

ഇവയാണ് ആക്രി‍ക്കടയിൽ വിറ്റ‍ത്.സംഭവം വിവാദമായതോടെ നന്തൻകോട് വൈഎം‍ആർ ജ‍ംക്‌ഷനു സമീപത്തെ വീട്ടിൽ നിന്നു ബാലു മുങ്ങി. പൊലീസ് ഇന്നലെ രാവിലെ ബാലു‍വിനെ തിരഞ്ഞ് വീട്ടിലെത്തിയെങ്കിലും, പൂട്ടിയ നിലയിലായിരുന്നു.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച വൈകിട്ട് ഇയാളെ തിരഞ്ഞ് വീട്ടിലെത്തിയപ്പോൾ ബാലു ഓടി രക്ഷപ്പെട്ടതായി സ്ഥലവാസികൾ പറഞ്ഞു. പോസ്റ്ററുകൾ വിറ്റതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിഷ്ണു നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്നു മ്യൂസിയം പൊലീസ് പറഞ്ഞു.

പ്രചാരണത്തിന് ‍ഉപയോഗിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകളാണ് ബാലു വിറ്റതെന്നാ‍ണ് നന്തൻകോട് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. അതിനിടെ, കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥി ഡോ.എസ്.എസ്.ലാലിന്റെ പ്രചാരണാർഥം അച്ചടിച്ച പോസ്റ്ററുകളിൽ പലതും ഉപയോഗിച്ചില്ലെന്ന‍ത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ സഹിതം പ്രചരിക്കുകയാണ്. ഉള്ളൂർ മേഖലയിലാണ് പോസ്റ്ററുകൾ ഉപയോഗിക്കാ‍ത്തത് എന്നാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെ‍ട്ടിട്ടില്ലെന്ന് എസ്.എസ്.ലാൽ പറഞ്ഞു.