കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് അതിവേഗ നടപടി: മന്ത്രി പി. പ്രസാദ്

Share

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ധനസഹായത്തിനായി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളിലും നവംബര്‍ പത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിനാശം നേരിട്ടവര്‍ പത്തു ദിവസത്തിനകം അപേക്ഷ നല്‍കിയാല്‍ മതിയാകും.

നേരിട്ടോ അക്ഷയ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷമുള്ള നടപടികളും അതിവേഗം പൂര്‍ത്തീകരിക്കും. 

കാലാവസ്ഥാ വ്യതിനായനത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചുകൊണ്ടുതന്നെ അഭിമുഖീകരിക്കുക എന്ന മാര്‍ഗമാണ് നമുക്കു മുന്നിലുള്ളത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാടശേഖരങ്ങളിലുണ്ടാകുന്ന മടവീഴ്ച്ചയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി രാജു, ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആര്‍. ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ സഫീന,  കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.