എസ് എ ടി യിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും

Share

എസ് എ ടി യിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചു.

ഇതിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു.  നിലവിൽ പ്രവർത്തിച്ചു വരുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിലേതുപോലെ കുറഞ്ഞ നിരക്കിൽ മരുന്നുകളും മറ്റ് ചികിത്സാ – രോഗനിർണയ സാമഗ്രികളും ഫാർമസിയിൽ നിന്നും ലഭ്യമാകും.

ഇതോടൊപ്പം പ്രവർത്തമാരംഭിച്ച ലാബ് കളക്ഷൻ സെൻ്ററും രോഗികൾക്ക് ഏറെ സഹായകരമാകും. സ്പെഷ്യാലിറ്റി ഒപിയിലും മറ്റും ചികിത്സയ്ക്കെത്തുന്നവരുടെ സമീപത്തു പോയി ജീവനക്കാർ സാമ്പിളുകൾ ശേഖരിക്കും.

രക്ത സാമ്പിൾ നൽകുന്നതിനുള്ള കാലതാമസവും രോഗികളുടെ കാത്തിരിപ്പിനും ഒരു പരിധി വരെയെങ്കിലും ഇതോടെ വിരാമമാകും. ഗൈനക് ഒപിയ്ക്കു മുന്നിലാണ് പുതിയ ഫാർമസി  പ്രവർത്തിക്കുന്നത്. പീഡിയാട്രിക് ഒപിയിലും ഗൈനക് ഒപിയ്ക്കും സമീപത്തു പ്രവർത്തിക്കുന്നതിനാൽ മരുന്നു വാങ്ങുന്നതിനും പരിശോധനയ്ക്ക് സാമ്പിൾ നൽകുന്നതിനും രോഗികൾക്ക് ബഹുദൂരം നടന്നു പോകേണ്ട അവസ്ഥയ്ക്കും പരിഹാരമാകും. കഴിഞ്ഞ എൽ ഡി ഫ് സർക്കാരിൻ്റെ കാലത്ത് അനുവദിച്ച സ്ഥലത്ത്  60 ലക്ഷം രൂപ ചെലവഴിച്ചാണ് സൊസൈറ്റി പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും യാഥാർത്ഥ്യമാക്കിയത്.


ഓമനാ മാത്യു ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അധ്യക്ഷയായി. വാർഡ് കൗൺസിലർ ഡി ആർ അനിൽ, സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ എസ് എസ് രാജലാൽ, ബി ബിജു, എം ജെ നിസാം, എസ് എ ടി സൂപ്രണ്ട് ഇൻ ചാർജ് ഡോ സൂസൻ ഉതുപ്പ്, സൊസൈറ്റി അഡ്മിനിസ്ട്രേഷൻ ഓഫീസർ സുഭാഷ്, എസ് എ ടി ആശുപത്രി ലേ സെക്രട്ടറി മൃദുല കുമാരി എന്നിവർ സംസാരിച്ചു.