ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം

Share

തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം ഇന്ന്. ഇതോടനുബന്ധിച്ച് ഒക്ടോബർ 7 വരെ സംസ്ഥാനത്ത് മൂന്നാഴ്ചത്തെ ആഘോഷപരിപാടികൾ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു.

സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രധാനമന്ത്രിക്കായി പൂജകളും വഴിപാടുകളും പ്രാർത്ഥനകളും നടത്തും. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ 25ലക്ഷം ആശംസാകാർഡുകളയയ്ക്കും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ മോദിയുടെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന പ്രദർശനങ്ങളും നടത്തും. കെ.സുരേന്ദ്രൻ കാസർകോട്ടും, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ,പി.കെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സി.കെ പദ്മനാഭൻ കണ്ണൂരും, സുരേഷ്‌ഗോപി എം.പി ആലപ്പുഴയിലും പരിപാടികളിൽ പങ്കെടുക്കും.

സേവാ സമർപ്പൺ അഭിയാനെന്ന പേരിലാണ് മൂന്നാഴ്ചത്തെ ജന്മദിനാഘോഷം. കൊവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, സെമിനാറുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ, 71കേന്ദ്രങ്ങളിൽ പുഴകളും തോടുകളും ശുചീകരിക്കുന്ന പരിപാടികൾ, പാവപ്പെട്ടവർക്ക് കേന്ദ്രപദ്ധതികളുടെ പ്രയോജനം തരപ്പെടുത്തുന്ന നടപടികൾ, ആശുപത്രികൾ, പട്ടികജാതി കോളനികൾ,അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ സേവനപ്രവർത്തനങ്ങൾ,രക്തദാന മെഡിക്കൽ ക്യാമ്പുകൾ, കർഷകരെയും സൈനികരെയും ആദരിക്കൽ,സംവാദങ്ങൾ എന്നിവയും ഇൗ ദിവസങ്ങളിൽ നടത്തും.
പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും.മഹിളാമോർച്ച വനിതകൾക്ക് ഒരു രൂപയുടെ സാനിട്ടറി നാപ്കിനുകൾ വിതരണം ചെയ്യും. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ മോദി നയത്തെ പ്രശംസിച്ച് വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കും. സാംസ്‌കാരിക നായകർ, സിനിമാ പ്രവർത്തകർ, കലാകായികരംഗത്തെ പ്രമുഖർ, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജന്മദിനാഘോഷ പരിപാടികളിൽ പങ്കാളികളാകും.