ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ കാലം; അന്ന് ഞങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുത്’: ബി.ഗോപാലകൃഷ്ണൻ

Share

തൃശൂർ: ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് തങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുതെന്നും, പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബി.ജെ.പിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുതെന്നും മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ.

കേരളം സെൽ ഭരണത്തിലേക്ക് നീങ്ങുന്നുവൊ എന്ന് സംശയിക്കേണ്ടിയിരിക്കുവെന്നും, കുഴൽപ്പണ കേസ് പിണറായിയുടെ കുഴലൂത്തു കേസാക്കി മാറ്റി ബി.ജെ.പി യുടെ നെഞ്ചത്ത് കേറാമെന്ന് പോലീസ് കരുതിയാൽ അതിശക്തമായി പ്രതികരിക്കുമെന്നും ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ബി.ജെ.പി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ് അതൊരു ദൗർബല്യമായി കാണരുതെന്നും, ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കിൽ, പോലീസിനേക്കാൾ കൂടുതൽ ബി.ജെ.പി പ്രവർത്തകർ കേരളത്തിലുണ്ടന്ന കാര്യം പോലീസും പോലീസ് മന്ത്രിയും അറിയേണ്ടിവരുമെന്നും, അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴൽപ്പണം ബി.ജെ.പിയുടേതാണന്ന് പോലീസ് കോടതിയിൽ പറഞ്ഞതെന്നും, ബി.ജെ.പിയുടേതാണന്ന് ആരും അവകാശപ്പെട്ടിട്ടില്ലന്ന് മാത്രല്ല പോലീസിന്റെ കയ്യിൽ യാതൊരു തെളിവും ഇല്ലെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിക്ക് അപകീർത്തി ഉണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കുഴലൂത്ത് പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

കൊടകര കുഴൽപ്പണ സംഭവം CPM സംസ്ഥാന സെക്രട്ടറി വിജയ രാഘവനെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചാൽ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതൽ വിവരം കിട്ടും. CPM തിരക്കഥ അനുസരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

കുഴൽപ്പണക്കേസ് കുഴലൂത്താക്കി ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കിൽ, പോലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടന്ന കാര്യം പോലീസും പോലീസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാൽ നന്ന്.

പോലീസ് CRPC പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്, എന്നാൽ ഇന്ന് CPC (കമ്മൂണിസ്റ്റ് പ്രൊസീജർ കോഡ്) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പിണറായിയുടെ പോക്കറ്റ് ബേബികളാണ് പുതിയ അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലങ്കിൽ ബിജെപിയുടെ പത്തു കോടി കുഴൽപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്തതതെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെയാണ് പോലീസ് ചോദ്യം ചെയ്യേണ്ടിയിരുന്നത്.

കുഴൽപ്പണ കവർച്ചക്കേസിലെ പ്രതികളും വിജയരാഘവനും തമ്മിൽ പല ബന്ധങ്ങളുമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളിൽ പലരും പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രതികളെ രക്ഷിക്കാനാണ് വിജയരാഘവൻ ആദ്യം പ്രസ്താവന നടത്തിയത്. അന്വേഷണം സത്യസന്ധമാണങ്കിൽ ആദ്യം വിജയരാഘവനെയാണ് ചോദ്യം ചെയ്യേണ്ടത്. അതല്ല, വിജയ രാഘവൻ വിടുവായിത്തം പറഞ്ഞതാണങ്കിൽ തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കണം അതാണ് രാഷ്ട്രീയ മര്യാദ.

പോലീസ് മണം പിടിച്ച് അന്വേഷിക്കരുത്, മണം പിടിച്ച് അന്വേഷിക്കുന്നത് പോലീസ് നായ്ക്കളാണ്, അന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം. പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാൽ മര്യാദയും തിരിച്ചാണെങ്കിൽ മര്യാദകേടും ഉണ്ടാകും എന്ന് മനസ്സിലാക്കണം.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴൽപ്പണം ബിജെപിയുടേതാണന്ന് പോലീസ് കോടതിയിൽ പറഞ്ഞത്? ബിജെപിയുടേതാണന്ന് ആരും അവകാശപ്പെട്ടിട്ടില്ലന്ന് മാത്രല്ല പോലീസിന്റെ കയ്യിൽ യാതൊരു തെളിവും ഇല്ല. എന്നിട്ടും ബിജെപിക്ക് അപകീർത്തി ഉണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നത് CPMന്റെ കുഴലൂത്ത് പ്രകാരമാണ്.

പോലീസിന്റെ മൊഴി CRPC പ്രകാരം തെളിവല്ല, അത് കൊണ്ടാണ് കമ്മൂണിസ്റ്റ് പ്രൊസീജർ കോഡ് CPC പ്രകാരമാണ് ഇന്ന് പോലീസ് അന്വേഷണം നടത്തുന്നത് എന്ന് സംശയിക്കേണ്ടി വരുന്നത്. ഇത് അപകടകരമാണ്, കേരളം സെൽ ഭരണത്തിലേക്ക് നീങ്ങുന്നുവൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബിജെപിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്.

ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് ഞങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുത് . കുഴൽപ്പണ കേസ്സ് പിണറായിയുടെ കുഴലൂത്തു കേസ്സാക്കി മാറ്റി ബിജെപി യുടെ നെഞ്ചത്ത് കേറാമെന്ന് പോലീസ് കരുതിയാൽ അതിശക്തമായി തന്നെ പ്രതികരിക്കും.

ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ് അതൊരു ദൗർബ്ബല്യമായി കാണരുത്. ആദ്യം CPM സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുകയൊ ഫോൺ പരിശോധിക്കുകയൊ ചെയ്ത് ബാക്കി കുഴൽപ്പണം പണം എവിടെ ഉണ്ടെന്ന് കണ്ടെത്തൂ, എന്നിട്ട് ആകാം ബിജെപിയുടെ നെഞ്ചത്ത് കയറ്റം.