അസ്വസ്ഥത; കാറിൽ നിന്ന് കുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത് രക്ഷിച്ചു

Share

കുണ്ടറ: നിർത്തിയിട്ട കാറിൽ അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു വയസ്സുകാരനെ നാട്ടുകാർ ചേർന്ന് ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിമുക്കിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: കൈതാകോടി സ്വദേശിയാണ് രണ്ടു വയസ്സുളള കുഞ്ഞുമായി കാറിൽ ആശുപത്രിമുക്കിലെത്തിയത്.

കാർ നിർത്തി ഡോറുകൾ ലോക്കു ചെയ്ത് മുൻവശത്തെ ഡോറിന്റെ ഗ്ലാസ് പകുതി താഴ്ത്തിയ ശേഷം സാധനം വാങ്ങാനായി അടുത്തുള്ള കടയിലേക്ക് പോയി. കുഞ്ഞ് കാറിലിരുന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ട് ആളുകൾ കാറിനു ചുറ്റും കൂടി.

ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മുൻ വശത്തെ ഗ്ലാസ് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞ് പിതാവിനെ കാണാതെ കരഞ്ഞ് വിയർത്തൊലിച്ച നിലയിലായിരുന്നു. കാറിനടുത്തെത്തിയ പിതാവുമായി ആളുകൾ വാക്കേറ്റമായി. വിവരമറിഞ്ഞ് കുണ്ടറ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടർന്ന് യുവാവിന്റെ വീട്ടിൽ നിന്നും ആളുകളെത്തി കൂട്ടിക്കൊണ്ടുപോയി.