അഗ്‌നിനാളങ്ങൾ വിഴുങ്ങുമ്പോൾ.. പ്രിയപ്പെട്ടവളെ കാണാൻ ഓടിയെത്തി നാട്ടുകാർ! നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി നവവധു

Share

കൊല്ലം: അടച്ചിട്ട മുറിക്കുള്ളിൽ യുവതിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ചിറ്റൂർ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. അവസാനമായി നാട്ടുകാരുടെ പ്രിയപ്പെട്ടവളെ കാണാൻ ആളുകൾ ഓടിയെത്തി.

തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. ഓടിട്ട വീടിന്റെ പുരപ്പുറത്തുനിന്നു പുക ഉയരുന്നത് അയൽക്കാരാണ് ആദ്യം കണ്ടത്. അയൽവാസികൾ ഓടിയെത്തിയെങ്കിലും മുറി പൂട്ടിയനിലയിലായിരുന്നു. തുടർന്ന്, വീടിന്റെ പിന്നിൽ അടുക്കളയോടുചേർന്ന ഭാഗത്തുകൂടി അകത്തുകടന്ന നാട്ടുകാർ മുറി തുറന്നപ്പോഴാണ് യുവതിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.

കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ വീട്ടിലെ പാചകവാതക സിലിൻഡർ എടുത്തുമാറ്റുകയും വൈദ്യുതിബന്ധം വേർപെടുത്തുകയുംചെയ്തതായി അയൽക്കാരനായ കാജാഹുസൈൻ പറഞ്ഞു.ഈസമയം മേൽപ്പുര കത്തി ഓടും കഴുക്കോലുമെല്ലാം താഴെവീണിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

വീടിനടുത്ത് ചാലുകീറുന്ന പണിക്കുപോയതായിരുന്നു അച്ഛൻ കൃഷ്ണൻ. അമ്മ രുക്മിണി പുളിയന്തോണിയിൽ കല്യാണത്തിനും സഹോദരൻ സുധീഷ് ജോലിക്കായി പുതുനഗരത്തേക്കും പോയിരിക്കുകയായായിരുന്നു. യുവതി കിടന്നിരുന്ന മുറിയിലെ ഫാനും ഉപയോഗിച്ചിരുന്ന ഫോണും കത്തിക്കരിഞ്ഞനിലയിലാണ്.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുറി ഉള്ളിൽനിന്നു പൂട്ടിയിരുന്നതിനാൽ യുവതി ജീവനൊടുക്കിയതാണോയെന്ന സംശയവും പോലീസിനുണ്ട്. കൂടുതൽ അന്വേഷണം നടത്തിയശേഷമേ മരണകാരണം വ്യക്തമാവൂയെന്ന് ചിറ്റൂർ ഡിവൈ.എസ്.പി. സി. സേതു പറഞ്ഞു.

അഗ്‌നിനാളങ്ങൾ വിഴുങ്ങുമ്പോൾ ഒന്ന് ഒച്ചവെയ്ക്കാനോ വാവിട്ട് കരയാനോ കഴിയാതെ സുമയെന്ന ഇരുപത്തിയഞ്ചുകാരി മരണത്തിന് കീഴടങ്ങിയപ്പോൾ, കുടുംബത്തിന്റെ വലിയ സ്വപ്നമാണ് പൊലിഞ്ഞത്. ഇതോടെ, കുടത്തിലും മറ്റും വെള്ളം കൊണ്ടുവന്നൊഴിച്ച്, തീപടരാതെ നോക്കിയതായി അയൽവാസി സഹാബുദ്ദീനും പറഞ്ഞു.

തുടർന്ന്, കൊല്ലങ്കോട്ടുനിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. കുറ്റിപ്പാടം മണലിയിൽ കൃഷ്ണന്റയും രുക്മിണിയുടെയും മകൾ സുമയുടെ വിവാഹം ഓഗസ്റ്റ് 22-ന് നടത്താൻ നിശ്ചയിച്ചിരിക്കയായിരുന്നു.

അതിനിടെയാണ് ദുരന്തം അഗ്‌നിയുടെ രൂപത്തിലെത്തിയത്. ചിങ്ങമാസം ആറിന് നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കേണ്ട മകൾ മരിച്ചെന്ന് വിശ്വസിക്കാൻ ഇപ്പോഴും അച്ഛനമ്മമാർക്ക് കഴിയുന്നില്ല. സുധ, സുമ എന്നീ ഇരട്ടസഹോദരിമാരിൽ സുമയ്ക്ക് ജന്മനാ സംസാരശേഷി നഷ്ടപ്പെട്ടപ്പോൾ കുടുംബം വലിയ വേദനയിലായിരുന്നു.

എന്നാൽ, തന്റെ പരിമിതികളെ മറികടന്ന് സുമ യാക്കര ശ്രവണസംസാര സ്‌കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം നേടിയപ്പോൾ ആ അച്ഛനമ്മമാർ വേദനകൾ മറന്നു. സഹോദരി സുധയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. അല്പം വൈകിയാണെങ്കിലും സുമയുടെ വിവാഹവും നടത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം.

തന്റെ കൂടപ്പിറപ്പിന് എന്താണ് പറ്റിയതെന്ന് അറിയാതെയാണ് സുധ ഭർതൃവീട്ടിൽനിന്ന് തിങ്കളാഴ്ച കുറ്റിപ്പാടത്തെത്തിയത്. തന്റെ വീടിനുമുന്നിൽ ആംബുലൻസ് കണ്ടപ്പോൾ നടത്തത്തിന് വേഗം കൂട്ടി. ആംബുലൻസിൽ കൂടപ്പിറപ്പിന്റെ കത്തിക്കരിഞ്ഞ ദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാനായി ഒരു കെട്ടാക്കി വെച്ചത് കണ്ടപ്പോൾ അലമുറയിട്ടു ”എന്റെ മൊതലേ, എങ്ങനെ ഇത് കാണാൻ കഴിയും…” പിന്നെയും എന്തൊക്കെയോ പറഞ്ഞ് തളർന്നുവീണു.

തൊട്ടടുത്ത വീട്ടിൽ അമ്മ രുക്മിണിയും അച്ഛൻ കൃഷ്ണനുമുണ്ട്. കൃഷ്ണൻ നിസ്സംഗനായി നിൽക്കുമ്പോൾ രുക്മിണി വാവിട്ടുകരഞ്ഞു. ”ഒരു കുറവും വരുത്താതെ നന്നായി പഠിപ്പിച്ചില്ലേ, എനിക്ക് മോളെയൊന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ…”യെന്ന് സഹോദരൻ സുധീഷും നടുക്കത്തിൽനിന്ന് ഉണർന്നിട്ടില്ല. ”രാവിലെ ഞാൻ പണിക്ക് പോകുമ്പോൾ ചിരിയോടെ യാത്രയാക്കിയതാണ്. ഇപ്പോൾ…”-സുധീഷിന്റെ വാക്കുകൾ മുറിഞ്ഞു.