അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായി മലയാളി; ശരത് എസിന് ഉപഹാരം നൽകി മന്ത്രി വി ശിവൻകുട്ടി

Share

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായി മലയാളി. രാജ്യത്താകമാനം ഉള്ള സർക്കാർ, പ്രൈവറ്റ് ഐ ടി ഐ കളിലെ ലക്ഷക്കണക്കിന് ട്രെയിനികൾ പങ്കെടുത്ത പരീക്ഷയിൽ ആണ് ശരത് എസ് അഭിമാന നേട്ടം കൈവരിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ സർക്കാർ ഐ ടി ഐ യിൽ നിന്ന് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിലാണ് ശരത് പരിശീലനം പൂർത്തിയാക്കിയത്. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ 95 ശതമാനം മാർക്കാണ് ശരത് കരസ്ഥമാക്കിയത്. ശരത് എസിന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉപഹാരം നൽകി.

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർകുന്ന് സജി ഭവനിൽ ഷാജിയുടെയും കസ്തൂരിയുടെയും മകനാണ് ശരത് എസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പരിമിതമായ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ശരത് മികച്ച വിജയം നേടിയതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.