ഹിന്ദു-ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണു നട്ട് ബി.ജെ.പി

Share
തുളസിത്തറ 

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായതോടെ ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. ഈ വിഭാഗങ്ങളുടെ വോട്ടുകളിൽ ധ്രുവീകരണം ഉണ്ടായാൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാമെന്ന് പാർട്ടി കരുതുന്നു. മുസ്ലിം വോട്ടുകളിൽ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയില്ല. 

യാക്കോബായ-ഓർത്തഡോക്ക്സ് സഭകൾ തമ്മിലുള്ള പള്ളി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഇടപെട്ടത് ഇതിന്റെ ഭാഗമായാണ്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ മിസ്സോറാം ഗവർണ്ണർ P.S. ശ്രീധരൻപിളളയുടെ മദ്ധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഓർത്തഡോക്സ്-പാത്രിയാർക്കീസ് വിഭാഗങ്ങൾക്ക് പുറമെ കത്തോലിക്കരുടെ പിന്തുണയും ബി.ജെ.പി പ്രതീക്ഷിക്കുന്നു. സീറോ മലബാർ മലങ്കര ലത്തീൻ എന്നിങ്ങനെ മുൻനിര കത്തോലിക്ക വിഭാഗങ്ങളുടെ പിന്തുണയും പാർട്ടി ലക്ഷ്യമിടുന്നു. ക്രിസ്ത്യാനികളിൽ ബി.ജെ.പിയുമായി അകന്നു നില്ക്കുന്നത് പെന്തക്കോസ്ത് വിഭാഗമാണ്.

ഹിന്ദുക്കളിൽ RSSന്റെ പിൻബലത്തിൽ നായർ-ഈഴവ സമുദായങ്ങളിൽ  ബി.ജെ.പിക്ക് ശക്തമായ വേരോട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ചത്ര പിന്തുണ NSSന്റെ ഭാഗത്തുനിന്ന് കിട്ടാത്തതിൽ പാർട്ടി നേതൃത്വം നിരാശയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ചിരകാല ആവശ്യമായ സാമ്പത്തിക സംവരണം ഭരണഘടനയുടെ 103ാം ഭേദഗതിയിലൂടെ ബി.ജെ.പി മുൻകൈയെടുത്ത് പാർലമെന്റിൽ പാസ്സാക്കിയിട്ടും അതിന്റെ ‘ഉപകാര സ്മരണ’ NSS ന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിൽ പാർട്ടി നേതൃത്വത്തിന് ദുഃഖമുണ്ട്.ദളിത് വിഭാഗങ്ങളിൽ നിന്നും ബി.ജെ.പി പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് CPMന്റെ  നട്ടെല്ലായ പിന്നോക്കപട്ടിക ജാതി-പട്ടിക വർഗ്ഗ ജനവിഭാഗങ്ങളിൽ പാർട്ടി കൂടുതൽ സമ്പർക്കം പുലർത്തണമെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്.

ആസന്നമായ കേരളാനിയമസഭാ  തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്നും CPMന്റെ തുടർഭരണം ഉണ്ടായാൽ കേരളത്തിൽ ഏറ്റവും വളർച്ച ഉണ്ടാകുന്ന പാർട്ടി ബി.ജെ.പി ആണെന്ന് അവർ കരുതുന്നു. കോൺഗ്രസ്സിൽ നിന്ന് കുത്തൊഴുക്ക് ഉണ്ടാവും.2026ൽ അധികാരം പിടിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

അനുകൂല സാഹചര്യത്തിലും ഗ്രൂപ്പിസമാണ് പാർട്ടിയുടെ ഉറക്കം കെടുത്തുന്നത്. കേന്ദ്രമന്ത്രി V.മുരളീധരന്റയും കേന്ദ്ര നിർവ്വാഹക സമിതി അംഗം P.K കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള ശക്തമായ രണ്ടു ഗ്രൂപ്പുകൾ അണികളെയും രണ്ടു ചേരിയിൽ ആക്കിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് K.സുരേന്ദ്രൻ  V.മുരളീധരനൊപ്പമാണ്. പാർട്ടി നേതൃത്വവുമായി കലഹിച്ചു നില്ക്കുന്ന ശോഭാ സുരേന്ദ്രൻ, K.സുരേന്ദ്രന് എതിരാണ്. ശോഭയുടെ പിണക്കം മാറ്റാൻ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *