ഹരിത ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കണം -മന്ത്രി ജി.ആർ അനിൽ

Share

ഹരിത ഉപഭോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ലോകഹരിത ഉപഭോക്തൃദിനം ആചരിച്ചു. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ പരമാവധി പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതല ലോക ഹരിത ഉപഭോക്തൃദിനാചരണം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്പാദന, വിപണന, ഉപഭോഗഘട്ടങ്ങളിലൊന്നും പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന  സംസ്‌കാരത്തെ കുറിച്ച് പൊതുജനങ്ങൾ ബോധവന്മാരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഉദ്പാദന രംഗത്ത് സർക്കാർ ഇടപെടൽ ശ്രദ്ധേയമാണെന്നും ന്യായവിലയ്ക്ക് ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള പദ്ധതി തയാറാക്കുകയാണന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതിയെ മലിനമാക്കാത്ത പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ മാത്രം വാങ്ങുക എന്നതാണ് ഈ വർഷത്തെ ലോകഹരിത ഉപഭോക്തൃദിന സന്ദേശം.

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പ് വിജയകരമായി പൂർത്തീകരിച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കൈപ്പുസ്തകം മന്ത്രി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാറിന് നൽകി പ്രകാശനം ചെയ്തു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കറാം മീണ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം കെ.ദിലീപ് കുമാർ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അമീർ ഷാ, സയൻസ് എൺവയൺമെന്റ് സ്പെഷ്യലിസ്റ്റ് അജിത്ത് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.