സൈബർ പൊലിസ് ചമഞ്ഞ് യുവതികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Share

തിരുവനന്തപുരം:  സൈബർ സെൽ പോലിസുദ്യോഗസ്ഥനെന്നു ചമഞ്ഞ് യുവതികൾ മാത്രം താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും യുവതികളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു.

കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻ(36) ആണ് അറസ്റ്റിലായത്. സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി സൈബർ സെൽ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവിടെ താമസിക്കുന്ന സ്ത്രികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും മറ്റും യൂടുബിൽ അപ് ലോഡ് ചെയ്തിട്ടുളളത് പോലിസിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിന് വന്ന ഉദ്യോഗസ്ഥനാണ് എന്നു പറയുകയും ചെയ്യും. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്റെ അളവുകൾ എടുക്കണമെന്നു പറയുകയും, അളവുകൾ എടുക്കുന്നതിന് ഒരു സമ്മത പത്രം ഇരയുടെ കൈയ്യിൽ നിന്ന് എഴുതി വാങ്ങിയ ശേഷം അളവുകൾ എടുക്കുന്നതിനിടക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി.

പോലിസുകാരെ പോലെ രൂപഭാവം വരുത്തി മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നതെന്നു പീഡനത്തിനിരയായവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *