സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് എം.എൽ.എയോട് ഭീഷണി മുഴക്കി

Share

കണ്ണുർ: പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ആത്മഹത്യാഭീഷണി മുഴക്കി എംഎല്‍എയ്ക്ക് അയച്ച വാട്ട്‌സാപ്‌ സന്ദേശം വൈറലാകുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ മത്സരിക്കാനായി ഫോട്ടോവച്ച് പോസ്റ്ററടിച്ച ജയ്‌മോന്‍ കല്ലുപുരയ്ക്കകത്താണ്‌ ആത്മഹത്യാഭീഷണി മുഴക്കിയത്‌.

സീറ്റില്ലെന്നറിഞ്ഞതോടെ ജയ്‌മോന്‍, സണ്ണി ജോസഫ് എംഎല്‍എയെ വിളിച്ചു. പലതവണ വിളിച്ചിട്ടും എംഎല്‍എ ഫോണ്‍ എടുക്കാത്തതിനാൽ വാട്ട്‌സാപ്‌ സന്ദേശമയച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെന്നും സീറ്റ് ചോദിച്ചിട്ട് നേതൃത്വം തന്നില്ലെന്നും 18നുമുമ്പ്‌ സീറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നുമാണ്‌ സന്ദേശം.

19ന് രാവിലെ വീട്ടിലെത്തി തന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കണമെന്നും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നും എംഎൽഎയോട് അഭ്യര്‍ഥിക്കുന്നതും സന്ദേശത്തിലുണ്ട്‌.
കോണ്‍ഗ്രസിലെ തമ്മിലടിമൂലം പേരാവൂര്‍ ബ്ലോക്കില്‍ ഒരു പഞ്ചായത്തില്‍ പോലും യുഡിഎഫ്‌ സ്ഥാനാര്‍ഥിനിര്‍ണയം നടന്നിട്ടില്ല. കൊട്ടിയൂരിലും കേളകത്തും വനിതാ നേതാക്കളെ യോഗത്തില്‍ അധിക്ഷേപിച്ചതും സീറ്റ് നിഷേധിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *