സിപിഎം മുക്തഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല; സിപിഎം-ബിജെപി ബന്ധം ആരോപിച്ച് രാഹുൽ

Share

തിരുവനന്തപുരം: സി.പിഎം-ബിജെപി ബന്ധം ആരോപിച്ച് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും ഇത് പറഞ്ഞ് തന്നെ. എന്നാൽ ഒരിക്കലും സിപിഎം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല.സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.

ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം. ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് അവർക്കറിയാം. അതാണ് പരസ്യമായി എതിർപ്പുണ്ടാകാത്തത്. ഇടതുപക്ഷം തുടരെ തുടരെ കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാർദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല.

താൻ ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്നില്ല. അതിന് കാരണം അതെല്ലാം ജനങ്ങൾക്കറിയാമെന്നത് കൊണ്ടാണ്.അവരെ ആക്രമിച്ച് താൻ സമയം കളയുന്നില്ല. തൻ്റെ പ്രസംഗത്തിൻ്റെ 90% ഉം ചെലവഴിക്കുന്നത് കോൺഗ്രസിൻ്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കാനാണ്. സന്തോഷവും സമാധാനവും പുലരുന്ന കേരളമാണ് യുഡിഎഫിന്റെ വാ​ഗ്ദാനം. സമ്പദ്ഘടന മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കാൾ മാർക്സിൻ്റെ പുസ്തകങ്ങൾ പരിശോധിച്ചിട്ട് കാര്യമില്ല. ആളുകളുടെ കയ്യിൽ പണമെത്തിയാലേ സമ്പദ്ഘടന മെച്ചപ്പെടൂ.അതാണ് യുഡിഎഫ് ലക്ഷ്യം. ഇതിനായി ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാന ചരിത്രത്തിലാദ്യമായി പാവപ്പെട്ടവന് മിനിമം വേതനം അനുവദിക്കുന്ന പരിപാടി യുഡിഎഫ് നടപ്പാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *