സംസ്ഥാനത്ത് ടെലി ഐസിയു തീവ്രപരിചരണ മാര്‍ഗരേഖകള്‍ പുറത്തിറക്കി

Share

കൊച്ചി: സംസ്ഥാനത്ത് കോവിഡ്19 ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ലായി ടെലി ഐസിയു സേവനങ്ങള്‍ കൂടി ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. ഇതുസംബന്ധിച്ച് കോവിഡ്19 ആശുപത്രികളിലെ ടെലി ഐസിയു, തീവ്രപരിചരണ സേവനങ്ങള്‍ എന്നീ സംവിധാനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആശുപത്രികളില്‍ നിലവിലുള്ള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയാണ് ടെലി ഐസിയു സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ടെലി ഐസിയു വഴി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാകുന്നതാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. പ്രായമായവരിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാനുള്ള സാഹചര്യങ്ങള്‍ കൂടിയതോടെ തീവ്രപരിചരണം ലഭ്യമാകേണ്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുമുണ്ട്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ തീവ്ര ചികിത്സാ സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും കൂടിയാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്ന് പരിഗണിക്കാതെയാണ് ജില്ലയില്‍ ടെലി ഐസിയു വിദഗ്ധരുടെ സംഘം രൂപീകരിക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍, അനസ്‌തേഷോളജി, പള്‍മണോളജി എന്നിവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകളുടേയും സേവനവും സ്വീകരിക്കുന്നതാണ്.

ജില്ലാതലത്തില്‍ ടെലി ഐസിയു കമാന്റ് സെന്റര്‍ സ്ഥാപിച്ച് 24 മണിക്കൂറും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കും. എല്ലാ തീവ്രപരിചരണ രോഗികളേയും വിദഗ്ധ ഡോക്ടര്‍മാര്‍ കാണുന്നുവെന്ന് ഉറപ്പാക്കും. ഇതിലൂടെ എല്ലാ ആശുപത്രികളിലും ഓരോ രോഗികള്‍ക്കും ചികിത്സയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുവാനും കഴിയും. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരുടെ സേവനങ്ങളും ടെലി ഐസിയു സേവനങ്ങള്‍ക്കായി ഉപയോഗിക്കും. ചെറിയ ആശുപത്രികള്‍ക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ഹബ് & സ്‌പോക്ക് മാതൃകയില്‍ ടെലി ഐസിയു സേവനങ്ങള്‍ ലഭ്യമാക്കും.

തീവ്രപരിചരണം ആവശ്യമായ കോവിഡ് രോഗികളെ പരിചരിക്കുന്ന ആശുപത്രികളില്‍ 24 മണിക്കൂറും ഒരു തീവ്രപരിചരണ വിദഗ്ധ ഡോക്ടറുടെ (ഇന്റന്‍സിവിസ്റ്റ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്) സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ മേഖലയില്‍ തീവ്രപരിചരണ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത പക്ഷം ഡിസ്ട്രിക്ട് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്.

തീവ്രപരിചരണം ആവശ്യമായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കേന്ദ്രീകൃത മോണിറ്ററുകള്‍, സിസിടിവികള്‍, അലാറം എന്നിവ സ്ഥാപിച്ച് ഒരു ടെലി ക്രിട്ടിക്കല്‍ കെയര്‍ മോണിറ്ററിംഗ് റൂം സ്ഥാപിക്കുന്നതാണ്. ഇത് തീവ്രപരിചരണ ഭാഗത്തുള്ള മോണിറററുമായി ബന്ധിപ്പിക്കും. ഐസിയുവിലുള്ള രോഗികളെ തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യുന്നതാണ്. അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ക്രൈസിസ് ക്രാഷ് ടീം രൂപീകരിച്ച് അടിയന്തര സാഹചര്യങ്ങളില്‍ രോഗിക്ക് സേവനം ഉറപ്പാക്കും. തീവ്രപരിചരണ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ്, മെഡിക്കല്‍ ഓഫീസര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് മികച്ച പരിശീലനം നല്‍കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു സമിതി രൂപീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *