സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്ക്
വിശദീകരണവുമായി ആശുപത്രി അധികൃതർ

Share

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരള്‍ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷവുമാണ് സനല്‍കുമാറിന്റെ ബന്ധുവായ സന്ധ്യ കരള്‍ദാനം നടത്തിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നേഴ്‌സായ അവരുടെ മകള്‍ പിന്താങ്ങുകയും ചെയ്തതാണ്. അവയവദാനം നിയമപരമാണെന്ന് ഉറപ്പാക്കേണ്ട അന്തിമ തീരുമാനം സംസ്ഥാന ഓതറൈസേഷന്‍ കമിറ്റിക്കാണ്. അവര്‍ അവയവദാനത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ദാതാവ്, അവരുടെ കുടുംബാംഗങ്ങള്‍, സ്വീകര്‍ത്താവ്, സ്വീകര്‍ത്താവ് അവശനാണെങ്കില്‍ അവരുടെ കുടംബാംഗങ്ങള്‍ എന്നിവരുമായി അഭിമുഖം നടത്തി ആവശ്യമായ സത്യവാങ്മൂലങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് അനുമതി നല്‍കുന്നത്.

അഭിമുഖത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ സന്ധ്യയുടെ സ്ഥലം എം.എല്‍.എ, ഡിവൈ.എസ്.പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകള്‍, കരള്‍ദാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിന് പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം, സ്‌കൂള്‍ പ്രധാനാധ്യാപികയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥലത്തെ മേലധികാരിയുടെ ടെലിഫോണിലൂടെയുള്ള സ്ഥിരീകരണം, അവയവമാറ്റ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ നിയമപരമായ രേഖകള്‍, ദാതാവുമായുള്ള അഭിമുഖത്തിന് ശേഷം സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിപത്രം തുടങ്ങി എല്ലാ രേഖകളും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശേഖരിച്ചിരുന്നു.

കരള്‍ദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും ഞങ്ങള്‍ അത്തരം ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ അവയവദാനം എന്ന മഹത്തായ പ്രവര്‍ത്തിയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും ഇത് അവയവം കാത്ത് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

സന്ധ്യയുടെ കരള്‍ദാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ഏത് അന്വേഷണത്തെയും ആസ്റ്റര്‍ മെഡ്‌സിറ്റി സ്വാഗതം ചെയ്യുമെന്നും അറിയിക്കുന്നു. ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍, കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മാത്യു ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *