ഷാജിയുടെ വീടിന്റെ മതിപ്പുവില
1.62 കോടിയെന്ന് കോർപറേഷൻ

Share

മലപ്പുറം: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ  ആഡംബര വീടിന്റെ നിർമാണച്ചെലവ്‌ 1.62 കോടി രൂപയെന്ന്‌ കോഴിക്കോട്‌ കോർപറേഷൻ.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ കൈമാറിയ റിപ്പോർട്ടിലാണ്‌ വില നിർണയിച്ചത്‌‌. വീട്ടിലെ ഫർണിച്ചറടക്കമുള്ളവയുടെ‌ മതിപ്പ്‌ കണക്കാക്കാൻ പൊതുമരാമത്ത്‌ വകുപ്പിനേ കഴിയൂവെന്നും റിപ്പോർട്ടിലുണ്ട്‌.

കോഴിക്കോട്ടെയും കണ്ണൂരിലെയും വീടിന്റെ വിശദാംശങ്ങളും രേഖകളും ചൊവ്വാഴ്‌ച തദ്ദേശ സ്ഥാപനങ്ങൾ കൈമാറി.  കോഴിക്കോട് മാലൂർക്കുന്നിൽ ഭാര്യ ആശയുടെ പേരിൽ 3200 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള വീട്‌ നിർമിക്കാനാണ്‌ ഷാജി അനുമതി നേടിയത്‌. പരിശോധിച്ചപ്പോൾ 5420 ചതുരശ്ര അടി വിസ്തീർണമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായാണ്‌ നിർമിച്ചത്‌.കണ്ണൂർ ചാലാടുള്ള വീടിന്റെ വിശദാംശങ്ങൾ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. 2,325 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഴീക്കോട് സഹകരണ ബാങ്ക് പ്രതിനിധികളും അഴീക്കോട്‌ ഹൈസ്കൂൾ പിടിഎ ഭാരവാഹികളും ഇഡി ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ ഹാജരായി. നവംബർ 10 ന്‌ ഷാജിയെ ഇഡി ചോദ്യംചെയ്യും‌.

Leave a Reply

Your email address will not be published. Required fields are marked *