ശവസംസ്ക്കാരത്തിന് പകരം സംവിധാനം; അടിയന്തിര റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Share

തിരുവനന്തപുരം : കോവിഡ് ബാധിതരുടേതുൾപ്പെടെയുള്ള മരണങ്ങൾ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളിൽ ശവ സംസ്ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തിൽ താത്ക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകളക്ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കണമെന്ന്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തിൽ ശവസംസ്ക്കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തിൽ സംസ്ക്കരിക്കുന്നത്. 

24 മൃതദേഹങ്ങളാണ് നാലു ഫർണസുകളിലായി സംസ്ക്കരിക്കാൻ കഴിയുന്നത്.  തുടർച്ചയായ ഉപയോഗം കാരണം യന്ത്രങ്ങൾ മന്ദഗതിയിലായെന്നാണ് റിപ്പോർട്ട്. 

തിരുവനന്തപുരം നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്.  മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. 

ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്.  കേസ് മേയ് 28 ന് പരിഗണിക്കും.
 
കോവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യാശുപത്രികൾ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. 


   തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.  പരാതിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കളക്ടറും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് ഹാജരാക്കണം.  കേസ് മേയ് 28 ന് പരിഗണിക്കും. 
 
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 
കേരള- തമിഴ്നാട് അതിർത്തിയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് ഇത്തരത്തിൽ കൊള്ള നിരക്ക് ഈടാക്കിയത്. 

കഴിഞ്ഞ മാസം 27 ന് ഈ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്സിജന് 45600 രൂപ ഈടാക്കിയത്.  ഒരേ പി പി ഇ കിറ്റാണ് ജീവനക്കാർ ധരിക്കുന്നതെങ്കിലും ഓരോ രോഗിയിൽ നിന്നും പി പി ഇ കിറ്റിന് പണം ഈടാക്കുന്നെന്നും പരാതിയുണ്ട്.    

Leave a Reply

Your email address will not be published. Required fields are marked *