വ്യാപാരികൾക്ക് ആശ്വാസമേകാൻ ജി.എസ്.ടി കുടിശിക ഇളവ്

Share

കൊച്ചി:സംസ്ഥാന നികുതി വകുപ്പിന്റെ കുടിശ്ശിക നിവാരണ പദ്ധതിയിൽ വ്യാപാരികൾക്ക്‌ ഇതുവരെ ലഭിച്ചത്‌‌ 328.74 കോടി രൂപയുടെ ആനുകൂല്യം. ചരക്കു സേവന നികുതി  വകുപ്പിന്റെ നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആംനസ്‌റ്റി 2020ൽ 15,731 വ്യാപാരികൾക്കായാണ്‌ ആനുകുല്യം അനുവദിച്ചത്‌.

ഇവർ സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ താൽപ്പര്യം പരിശോധിച്ച്‌, നികുതിയും പലിശയും പിഴയുമുൾപ്പെടെ 568.21 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമായി. 258.1 കോടിയുടെ നികുതിയും, 310.11 കോടിയുടെ പലിശയും പിഴയും ഉൾപ്പെട്ടതായിരുന്നു കുടിശ്ശിക. 239.47 കോടി രൂപ നികുതിയായി വകുപ്പിന്‌ ലഭിക്കും.നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി -2020.

ജിഎസ്‌ടിക്കുമുമ്പുണ്ടായിരുന്ന കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപ്പന നികുതി , ആഢംബര നികുതി, സർചാർജ്‌, കാർഷിക ആദായ നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികയാണ്‌ ഒഴിവാക്കുന്നത്‌.നികുതി വകുപ്പിന്റെ കണക്കിൽ 56,336 വ്യാപാരികൾ നികുതി കുടിശ്ശികക്കാരാണ്‌. 4848.3 കോടി രൂപ കുടിശ്ശിക തുകയും. ഇതിൽ നികുതിയും, അതിന്റെ പലിശയും പിഴയും ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമാകുന്നതിന്‌ രജിസ്‌ട്രേഷനും  താൽപ്പര്യം അറിയിക്കുന്നതിനും  നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സൗകര്യമൊരുക്കി. ഇതുവരെ 32,063 വ്യാപാരികൾ രജിസ്‌റ്റർ ചെയ്‌തു. 22,470 പേർ താൽപ്പര്യം നൽകി. 1021.99 കോടി രൂപയുടെ കുടിശ്ശിക തീർപ്പിനാണ്‌ താൽപ്പര്യം ലഭിച്ചിട്ടുള്ളത്‌. ഇതിൽ നികുതി ഭാഗം 333.68 കോടി രുപയാണ്‌. ബാക്കി പലിശയും പിഴയും.

Leave a Reply

Your email address will not be published. Required fields are marked *