വ്യാജ വാർത്തകൾ രണ്ടാം മഹാമാരിയെന്ന് റെഡ്ക്രോസ് തലവൻ

Share

ന്യു യോർക്ക്:കോവിഡ്‌ വാക്സിനെതിരെയുള്ള വ്യാജവാർത്തകൾ രണ്ടാം മഹാമാരിയെന്ന്‌ റെഡ്‌ ക്രോസ്‌ തലവൻ ഫ്രാൻസെസ്‌കോ റോക്ക. കോവിഡിനെ അതിജീവിക്കണമെങ്കിൽ അത്രത്തോളംതന്നെ ഉപദ്രവകാരിയായ ഈ സമാന്തര മഹാമാരിയെയും ചെറുക്കേണ്ടതുണ്ടെന്നും റോക്ക യുഎൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റെഡ്‌ക്രോസ്‌–-റെഡ്‌ക്രെസന്റ്‌ സൊസൈറ്റികളുടെ അന്താരാഷ്‌ട്ര ഫെഡറേഷൻ പ്രസിഡന്റ്‌ കൂടിയാണ്‌ റോക്ക.
വാക്സിനുകൾക്കെതിരെ ലോകമെമ്പാടും അവിശ്വാസം പടരുന്നു. കോവിഡ്‌ വാക്സിനുകളുടെ വിഷയത്തിൽ ഇത്‌ കൂടുതൽ വ്യക്തമാണ്‌. ജോൺസ്‌ ഹോപ്‌കിൻസ്‌ സർവകലാശാല 67 രാജ്യത്ത്‌ നടത്തിയ പഠനത്തിൽ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായവരുടെ എണ്ണം ജൂലൈ മാസത്തെ അപേക്ഷിച്ച്‌ ഒക്ടോബറിൽ ഗണ്യമായി കുറഞ്ഞു.

പ്രധാനമായും വ്യജവാർത്തകളാണ്‌ ഇതിന്‌‌ കാരണം.ചില രാജ്യങ്ങളിൽ കോവിഡ്‌ വാക്സിനെ രാഷ്ട്രീയവൽക്കരിക്കുന്നു. ഇത്‌ ഏറ്റവും ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. ചില രാജ്യങ്ങളുടെ ‘വാക്സിൻ ദേശീയത’ മറ്റ്‌ രാജ്യങ്ങൾക്ക്‌ ഇത്‌ ലഭ്യമാകുന്നതിന്‌ തടസ്സമാവും. പാകിസ്ഥാനിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നടത്തിയ പഠനത്തിൽ 10 ശതമാനം പേർ ഇതുവരെ കോവിഡിനെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഇത്‌ അതിശയകരവും ആശങ്ക ഉളവാക്കുന്നതുമാണെന്നും റോക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *