വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍ വേണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

Share

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍  വേണ്ടിവരുമെന്ന്  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയാലേ വ്യവസായം വളരുകയുള്ളു.ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ആ പ്രദേശത്തെ ആളുകളുടെ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ വേണം.ജലവൈദ്യുതി നിലയങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്.ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കൊണ്ടാണ് കേരളത്തിന്റെ വികസനത്തിന് വലിയ കുതിച്ച് ചാട്ടമുണ്ടായത്.ആവശ്യമുള്ള വൈദ്യുതിയുടെ എഴുപത് ശതമാനവും കേരളം പുറത്ത് നിന്ന് വാങ്ങുകയാണ്.കല്‍ക്കരി നിലയങ്ങളും താപനിലയങ്ങളും നിര്‍ത്തിയാല്‍ വൈദ്യുതി രംഗത്ത് വലിയ പ്രതിസന്ധി നേരിടും.വൈദ്യുതി ഉത്പാദനത്തിന് ഇന്ത്യയില്‍ തന്നെ നല്ല സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.സംസ്ഥാനത്തെ ജല ലഭ്യത ഉപയോഗിച്ച് ഇനിയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.തുടക്കം കുറിക്കുന്ന പദ്ധതികള്‍ പലവിധ കാരണങ്ങളാല്‍ നീണ്ട് പോകുന്നത് പ്രതിസന്ധിയാണ്.ആ പ്രവണത മാറ്റണം.അല്ലാത്ത പക്ഷം വരും തലമുറക്കത് ക്ഷീണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.ഉദ്ഘാടന യോഗത്തില്‍ അഡ്വ. എ രാജ എം എല്‍ എ  അധ്യക്ഷത വഹിച്ചു.ചെറുതും വലുതുമായ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് കുറഞ്ഞനിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്ന് എ രാജ പറഞ്ഞു.ചടങ്ങില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും എം എല്‍ എയുമായ എം എം മണി മുഖ്യാതിഥിയായി.ഊര്‍ജ്ജം ഉണ്ടാക്കുന്നതുപോലെ തന്നെ ഊര്‍ജ്ജം ലാഭിക്കാനും കഴിയണം.ജലവൈദ്യുതി പദ്ധതികള്‍ ലാഭകരമാണ്.കല്‍ക്കരിനിലയവും താപനിലയവും സാധ്യമല്ലാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടുന്ന സാഹചര്യമുണ്ടെന്നും എം എം മണി പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ കെ എസ് ഇ ബി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ബി അശോക്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രദീഷ്‌കുമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വൈദ്യുതി വകുപ്പുദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പദ്ധതിയുടെ സ്വിച്ച് ഓണ്‍  നിര്‍വ്വഹിച്ച വൈദ്യുതി മന്ത്രി ചടങ്ങില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിച്ചു.1964ല്‍ വൈദ്യുതി ബോര്‍ഡ് കല്ലാര്‍കുട്ടി ജലസംഭരണിയിലേക്ക് കൂടുതല്‍ ജലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച വിരിപാറ തടയണയും അതിനോടനുബന്ധിച്ചുള്ള തുരങ്കവും ഉപയുക്തമാക്കി ലഭ്യമാക്കുന്ന ജലമാണ് രണ്ട് മെഗാവാട്ടിന്റെ അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി വിനിയോഗിക്കുന്നത്. പ്രതിവര്‍ഷം 51.4 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടത്താന്‍ന്‍ ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പവ്വര്‍ഹൗസിലുള്ളത്.പദ്ധതിക്കായി ഇതുവരെ ഏകദേശം 17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.2016ലായിരുന്നു പദ്ധതിയുടെ നിര്‍മ്മാണകരാര്‍ നല്‍കിയത്. 2017ലെ തീ (വ മഴയും 2018ലെ പ്രളയവും പിന്നീടെത്തിയ കൊവിഡ് പ്രതിസന്ധിയും പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *