വെൽഫെയർ പാർട്ടി യുമായുള്ള സഖ്യം തള്ളി യു.ഡി.എഫ് നേതാക്കൾ

Share

മലപ്പുറം: വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ കൂട്ടുകൂടുന്ന കാര്യം അറിയില്ലെന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുന്നണിക്കുപുറത്തുള്ള പാർടികളുമായി സഖ്യമില്ലെന്നതാണ്‌ യുഡിഎഫ്‌ നിലപാട്‌. മറ്റ്‌ കാര്യങ്ങൾ അറിയില്ല. മലപ്പുറം പ്രസ്‌ ക്ലബ്ബിൽ ‘മീറ്റ്‌ ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ സ്ഥാനാർഥികൾ പലയിടങ്ങളിലും യുഡിഎഫ്‌ പിന്തുണയോടെ മത്സരിക്കുന്നത്‌ ചൂണ്ടിക്കാട്ടിയപ്പോൾ കൈപ്പത്തി ചിഹ്നത്തിൽവരെ റിബലുകൾ മത്സരിക്കുന്നുണ്ടെന്നായിരുന്നു മറുപടി. യുഡിഎഫ്‌ പിന്തുണയോടെ മത്സരിക്കുന്ന ജമാഅത്തെ സ്ഥാനാർഥികളെ തള്ളിപ്പറയുമോ എന്ന ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി സഖ്യം വേണ്ടെന്നാണ്‌ പാർടി തീരുമാനമെന്നും പ്രാദേശികമായി നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെങ്കിൽ പാർടി പരിശോധിക്കുമെന്നും വി ഡി സതീശൻ എംഎൽഎ. വെൽഫെയർ പാർടിയുമായി ബന്ധമില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉണ്ടെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസനും പറഞ്ഞത്‌  മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്‌ സതീശന്റെ പ്രതികരണം. 

സിഎജി റിപ്പോർട്ട്‌ പരസ്യപ്പെടുത്തിയതുവഴി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന്റെ പേരിൽ ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *