വിരട്ട് വേണ്ട: വിലപ്പോവില്ലെന്ന് സുരേന്ദ്രൻ

Share

കൊച്ചി :സമരങ്ങളെയും അഭിപ്രായം പറയുന്നവരെയും അടിച്ചമർത്താനുള്ള പിണറായി വിജയൻ്റെ നീക്കം കേരളത്തിൽ വിലപ്പോവില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നിൻ്റെ പ്രേതമാണ് പിണറായിയിൽ കൂടിയിരിക്കുന്നത്. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ് പിണറായി.

വ്യാജവാർത്തയുടെ പേര് പറഞ്ഞ് മാധ്യമ നിയന്ത്രണത്തിനാണ് ശ്രമം. വ്യാജ വാർത്തകളെ നിയന്ത്രിക്കാൻ ദേശാഭിമാനിക്കും കൈരളിക്കും എതിരായാണ്  കേസെടുക്കേണ്ടത്. സർക്കാറിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രക്ഷപ്പെടാമെന്നതും വ്യാമോഹമാണ്.സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്നാണ് പിണറായി പറയുന്നത്.

സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതക വിലാപയാത്രയിൽ മന്ത്രി എ കെ. ബാലൻ്റെ ഒപ്പം അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. മന്ത്രി ബാലനെതിരെയാണ് കേസെടുക്കേണ്ടത്. പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് നീക്കം.കിഫ് ബി യുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വലിയ അഴിമതിയാണെന്ന്  സുരേന്ദ്രൻ പറഞ്ഞു.

കിഫ് ബി അഴിമതി കേന്ദ്രം അന്വേഷിക്കാൻ തുടങ്ങുമ്പോൾ പുതിയ തന്ത്രവുമായി വരികയാണ് സർക്കാർ. പത്രങ്ങൾക്ക് പരസ്യം നൽകിയാൽ അഴിമതി പുറത്തു വരുന്നതിൽ  നിന്ന് രക്ഷപ്പെടില്ല.യു ഡി എഫിൻ്റെ സമരത്തിന് ആത്മാർത്ഥതയില്ല. സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഒത്തു തീർപ്പ് സമരമാണ് നടത്തി വരുന്നത്. ആദ്യം സി ബി ഐ അന്വേഷണം കൂടി ആവശ്യപ്പെട്ടവർ ഇപ്പോൾ ജൂഡീഷ്യൽ അന്വേഷണം മതിയെന്ന് പറയുന്നത് സമരത്തിൽ വെള്ളം ചേർത്ത് ധാരണയുണ്ടാക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *