വികസന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ
എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ 25 ന്

Share

കൊച്ചിഃകേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ എല്‍ ഡി എഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 25 ന്‌ വൈകുന്നേരം 5ന് പഞ്ചായത്ത്‌ – നഗരസഭാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും.സ്വര്‍ണ്ണ കള്ളക്കടത്ത്‌ അന്വേഷിക്കുന്നതിന്‌ പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാ വികസന പദ്ധതികളും സ്‌തംഭിപ്പിക്കാന്‍ നോക്കുകയാണ്‌. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ്‌ പാര്‍ക്ക്‌, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു.

ഇതിന്റെ തുടര്‍ച്ചയാണ്‌ കിഫ്‌-ബി വഴി വായ്‌പ എടുക്കുന്നത്‌ തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ റിപ്പോര്‍ട്ട്‌.ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌പ്പിക്കുന്നതിനാണ്‌ ശ്രമിയ്‌ക്കുന്നത്‌. സ്‌കൂളുകളുടെ ആധുനിക വത്‌ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ദേശീയപാത വികസനം, റോഡുകള്‍ – പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

ഇത്തരത്തില്‍ വികസനത്തിന്റെ ഈ നേട്ടം എല്‍.ഡി.എഫിന്‌ രാഷ്ട്രീയമായി അനുകൂലമാകുമെന്ന്‌ ഭയന്നാണ്‌ യുഡിഎഫ്‌ – ബിജെപി കൂട്ടുകെട്ട്‌ ഇത്തരം സങ്കുചിത പ്രവര്‍ത്തനത്തിന്‌ തയ്യാറാകുന്നത്‌.അതോടൊപ്പം പ്രളയവും കോവിഡും പോലുള്ള മഹാദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കുന്നതിന്‌ സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്‌ത മുഖ്യമന്ത്രിയേയും സഹപ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമവും നടക്കുന്നുവെന്ന് വിജയരാഘവൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *